തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ സംസ്ഥാന സർക്കാരിൽ ഭിന്നത രൂക്ഷം. ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപുള്ള ഈ നടപടിയെ ആരോഗ്യ മന്ത്രി കെ മുരളീധരൻ പരസ്യമായി ന്യായീകരിച്ചപ്പോൾ, റവന്യു മന്ത്രി എ പി അനിൽ കുമാർ ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തി.
സർക്കാരിനെ അറിയിക്കാതെയും വിശ്വാസത്തിലെടുക്കാതെയും പി.എസ്.സി അധ്യക്ഷനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ അയച്ച നടപടി ഭരണഘടനാ മര്യാദകളുടെ ലംഘനമാണെന്ന് റവന്യു മന്ത്രി എ പി അനിൽ കുമാർ കുറ്റപ്പെടുത്തി. ഈ വിഷയം ഗവർണർ ആദ്യം സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമായി മാറരുതെന്നും കർശന നിലപാട് എടുത്തു.
പരീക്ഷാ ക്രമക്കേടുകളിലെ ആരോപണവിധേയരെ ന്യായീകരിക്കുന്നില്ലെങ്കിലും, ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ തിരക്കുപിടിച്ച് ഇത്തരമൊരു ശുപാർശ നൽകിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻ ഗവർണറുടെ നടപടിയെ പൂർണ്ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ സ്വീകരിച്ചത്.
പി.എസ്.സിയുടെ ഭാഗത്തുനിന്നും വ്യക്തമായ ക്രമക്കേടുകൾ ഉണ്ടായതുകൊണ്ടാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ സർക്കാരിന്റെ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് സ്ഥാപനം സ്വീകരിച്ചത്.
അതുകൊണ്ടാകാം ഗവർണർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ പി.എസ്.സി അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും നിലവിൽ അതൊരു അഴിമതി കേന്ദ്രമായി മാറിയെന്നും കെ മുരളീധരൻ ആരോപിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയധികം തകർന്നടിഞ്ഞ മറ്റൊരു കാലഘട്ടം പി.എസ്.സിക്കുണ്ടായിട്ടില്ല. ഈ സംവിധാനം മാറണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും, അംഗങ്ങളുടെ ഭാവി നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

