സംസ്ഥാനത്ത് കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളിലായി തീവ്ര ന്യൂനമർദം നിലനിൽക്കുന്നുണ്ട്.
ഇന്ന് (ഒക്ടോബർ 25ന്) ഈ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി (Deep Depression) ശക്തി പ്രാപിക്കും. തുടർന്ന് ഒക്ടോബർ 26ന് രാവിലെ മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ഇത് ചുഴലിക്കാറ്റായി മാറും.
ഒക്ടോബർ 27ന് രാവിലെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) ഇത് മാറുമെന്നാണ് പ്രവചനം. പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ പ്രതിഭാസം കൂടുതൽ കരുത്താർജിച്ച് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറും.
ഒക്ടോബർ 28ന് രാവിലെ ആന്ധ്രപ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. തുടർന്ന് അന്ന് ഉച്ചയ്ക്ക് മുൻപ് ആന്ധ്രപ്രദേശ്– യാനം തീരങ്ങൾക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ 115–125 കിലോമീറ്റർ വേഗതയിലും, പരമാവധി മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി മറ്റൊരു ന്യൂനമർദം കൂടി സ്ഥിതിചെയ്യുന്നുണ്ട്. ഈ ന്യൂനമർദവുമായി ബന്ധപ്പെട്ട
ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് (ഒക്ടോബർ 25) ഒറ്റപ്പെട്ട
ഇടങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. കൂടാതെ ഒക്ടോബർ 25 മുതൽ 27 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

