മേട്ടുപ്പാളയം–കൂനൂർ ദേശീയപാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ഡ്രൈവർ മരിച്ചു. വനമേഖലയായ ബർലിയാറിൽ ബസിനു മുകളിലേക്ക് മണ്ണും പാറയും മരങ്ങളും പതിച്ചാണ് അപകടമുണ്ടായത്.
ബസ് ഡ്രൈവർ കൂനൂർ കാട്ടേരി തേരട്ടി സ്വദേശി ജനകരാജ് (55) ആണ് മണിക്കൂറുകളോളം മണ്ണിനടിയിൽ കുടുങ്ങി മരണപ്പെട്ടത്. അപകടത്തിൽ കണ്ടക്ടർ കേശവന് പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച അർധരാത്രി തുടങ്ങിയ കനത്ത മഴയ്ക്കിടെയായിരുന്നു ദുരന്തം. മേട്ടുപ്പാളയത്തു നിന്നു കൂനൂരിലേക്കു പോകുന്നതിനിടെ ടയർ പഞ്ചറായതിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ട്, ഡിപ്പോയിലേക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം അപകടത്തിൽപെട്ടത്.
ബസ് പൂർണ്ണമായും മണ്ണുമൂടിയ നിലയിലായിരുന്നു. ഇതേ സ്ഥലത്തുണ്ടായിരുന്ന ജീപ്പ് നൂറടി താഴ്ചയിലേക്ക് പതിച്ചെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഊട്ടിയിൽ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങിയ പാലാ സെന്റ് തോമസ്, മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് 11 മണിക്കൂർ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ സുരക്ഷിതരായി തിരിച്ചെത്തിയത്.
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള 3 ബസുകളിലും മുത്തോലി സ്കൂളിൽ നിന്നുള്ള ഒരു ബസിലുമായി 165 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ ബസുകൾക്ക് മുന്നിലും പിന്നിലുമായാണ് മണ്ണിടിച്ചിലുണ്ടായത്.
സംഭവത്തെക്കുറിച്ച് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂൾ അധ്യാപകൻ ഫാ.ജോസി ഏറത്തേടത്ത് എന്നിവർ വ്യക്തമാക്കുന്നത് ഇങ്ങനെ:
“മേട്ടുപ്പാളയത്തിനു 13 കിലോമീറ്റർ മുൻപ് വനമേഖലയിലായിരുന്നു മണ്ണിടിച്ചിൽ. കൂറ്റൻമലയിൽനിന്ന് മലവെള്ളത്തോടൊപ്പം തമിഴ്നാട് ബസിനു മുകളിലേക്ക് മണ്ണും വലിയ പാറക്കല്ലുകളും മരങ്ങളും വന്നുവീഴുകയായിരുന്നു.
ഞങ്ങൾ സഞ്ചരിച്ചിരുന്ന ബസിന്റെ തൊട്ടുമുൻപിലായിരുന്നു സംഭവം. തൊട്ടുപിന്നാലെ 4 ബസുകൾക്കു പിന്നിലും പാറക്കല്ലുകളും മരങ്ങളും വീണതോടെ മുൻപോട്ടും പിന്നോട്ടും പോകാൻ കഴിയാതെയായി.
തമിഴ്നാട് ബസിന്റെ പകുതിഭാഗം താഴെ അഗാധമായ കൊക്കയിലേക്കു മറിയുന്ന നിലയിലായിരുന്നു. ഇതിനു മുൻപിലുണ്ടായിരുന്ന പിക്കപ് വാൻ കൊക്കയിലേക്കു വീണു.
ആർത്തലച്ചു പെയ്യുന്ന മഴയ്ക്കിടയിലും കൂരിരുട്ടിലും ആ വാഹനങ്ങളിൽനിന്ന് കൂട്ടക്കരച്ചിൽ കേൾക്കാമായിരുന്നു. വൈദ്യുത ലൈനുകൾ പൊട്ടിവീണു.
ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആകെ പകച്ചുപോയ മണിക്കൂറുകൾ.
ഇതിനിടെ ഞങ്ങളുടെ ബസുകളിലും പാറക്കല്ലുകൾ വന്നിടിച്ചു.” ബിഎസ്എൻഎൽ ഫോണിന് മാത്രമായിരുന്നു റേഞ്ച് ഉണ്ടായിരുന്നത്. തുടർന്ന് മാണി സി.കാപ്പൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ വിവരമറിയിക്കുകയായിരുന്നു.
എംഎൽഎ ഊട്ടി, കോട്ടയം കലക്ടർമാരുമായി ബന്ധപ്പെട്ടു. രാമനാഥപുരം ബിഷപ്സ് ഹൗസിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയുമായും ബന്ധപ്പെടാൻ സാധിച്ചു.
രാവിലെ ഒൻപതോടെയാണ് രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് എത്താൻ കഴിഞ്ഞത്. ഡിഐജി, ഐജി, രണ്ട് ജില്ലകളിലെ കലക്ടർമാർ, തമിഴ്നാട് മന്ത്രി വി.സമ്പത്ത്കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വിദ്യാർഥികളെയും മറ്റുള്ളവരെയും പുറത്തെത്തിച്ച് മറിഞ്ഞുകിടന്ന ബസിനു മുകളിലൂടെ കെട്ടിയ വടത്തിൽ പിടിച്ചാണ് റോഡിലെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചത്. തുടർന്ന് മേട്ടുപ്പാളയത്തെ സ്കൂളിൽ എത്തിച്ച് വിശ്രമവും ഭക്ഷണവും ഒരുക്കി.
നീലഗിരി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടർ ലക്ഷ്മിഭവ്യ തന്നീരു നിർദേശിച്ചിട്ടുണ്ട്. വൈകുന്നേരം 6 മുതൽ രാവിലെ 7 വരെ കർശന യാത്രാവിലർ ഏർപ്പെടുത്തിയിട്ടുണ്ട്.
മേട്ടുപ്പാളയം–കൂനൂർ പാത ചൊവ്വാഴ്ച രാവിലെ വരെ പൂർണമായി അടച്ചിടും. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
ബർളിയാറിൽ ഒറ്റദിവസം 250 മിില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

