മുംബൈ കേന്ദ്രീകരിച്ച് ഡേറ്റിങ് ആപ്ലിക്കേഷനുകൾ മുഖേന ഉന്നതരെ വലയിൽ കുടുക്കി ഭീമമായ തുക തട്ടിയെടുക്കുന്ന കുറ്റകൃത്യ സംഘം പൊലീസിന്റെ പിടിയിലായി. സംഭവുമായി ബന്ധപ്പെട്ട് ആഗ്ര സ്വദേശിയായ ആദിത്യ ഗുപ്ത എന്ന 35 വയസ്സുകാരനെയാണ് നാഗ്പുർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ആസൂത്രിതമായി കവർച്ചകൾ നടത്തിവന്ന ഈ സംഘത്തിന്റെ പക്കൽ നിന്ന് ഇരുന്നൂറിലധികം യുവതികളുടെ നാനൂറിലധികം രഹസ്യ നഗ്നദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഒടുവിലത്തെ ഇരയിൽ നിന്നും 3 കോടി രൂപ കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ നിയമത്തിന് മുന്നിൽ പെടുന്നത്.
എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ജോലികളിൽ ഉള്ളവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ വിദ്യാസമ്പന്നരായ യുവതികളെയാണ് ആദിത്യ ഗുപ്ത ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരുന്നത്. മാസംതോറും 4 മുതൽ 5 ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്താണ് പ്രതി ഇവരെ സ്വന്തം തന്ത്രങ്ങൾക്ക് ഉപയോഗിച്ചത്.
പ്രമുഖ ഡേറ്റിങ് പ്ലാറ്റ്ഫോമുകളിൽ യുവതികളുടെ ചിത്രങ്ങൾ വെച്ച് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച ശേഷം, അവയിലൂടെ ധനികരായ പുരുഷന്മാരെ ഇവർ ബന്ധപ്പെടുകയായിരുന്നു. വലയിലാകുന്നവരുമായി ഫോണിലും മറ്റും സൗഹൃദം സ്ഥാപിക്കുകയും, തുടർന്ന് രഹസ്യമായി നടത്തുന്ന വിഡിയോ കോളുകൾ സംഘം റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തു.
ഇത്തരത്തിൽ ശേഖരിച്ച ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അടുത്ത ഘട്ടമായ ഭീഷണിപ്പെടുത്തലുകൾ ആരംഭിക്കുന്നത്. യുവതികളുടെ ലീഗൽ അഡ്വൈസർ അല്ലെങ്കിൽ സോഷ്യൽ വർക്കർ എന്ന വ്യാജേന ആദിത്യ ഗുപ്ത നേരിട്ട് രംഗപ്രവേശം ചെയ്യും.
കർശനമായ സ്ത്രീ സുരക്ഷാ നിയമങ്ങളിലെ പഴുതുകൾ മുതലെടുത്ത്, ഇരകൾക്കെതിരെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും കേസെടുപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർമേൽ ഇയാൾ കടുത്ത സമ്മർദം ചെലുത്തും. എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ കേസ് ഒഴിവാക്കാനായി കോടികളാണ് ഇരകളോട് ആവശ്യപ്പെട്ടിരുന്നത്.
യുവതികൾക്കായി പൊലീസിനെ നിരന്തരം സമീപിക്കുന്നതിൽ ആദിത്യ ഗുപ്ത കാട്ടിയ അസ്വാഭാവികമായ താൽപര്യമാണ് ഉദ്യോഗസ്ഥർക്കിടയിൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പ്രതിയെ വലയിലാക്കാൻ പൊലീസ് കരുനീക്കങ്ങൾ ശക്തമാക്കി.
ഇയാളുടെ ഒടുവിലത്തെ ഇരയായ ഇർഫാൻ എന്ന വ്യക്തിയെ പൊലീസ് പൂർണ്ണ വിശ്വാസത്തിലെടുത്ത് നാഗ്പുരിൽ എത്തിച്ചു. ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിലുള്ള ബ്ലാക്ക്മെയിലിങ് രീതികൾ പുറത്തുവന്നത്.
തുടർന്ന് നടത്തിയ റെയ്ഡിൽ പ്രതിയുടെ ഫോണിൽ നിന്നും നാനൂറിലധികം അശ്ലീല ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. അഞ്ച് വർഷം മുൻപ് ആഗ്രയിലെ തന്റെ കുടുംബബന്ധങ്ങൾ ഉപേക്ഷിച്ച് മുങ്ങിയ ആദിത്യ ഗുപ്ത പിന്നീട് മഹാരാഷ്ട്രയിലേക്ക് താവളം മാറ്റുകയായിരുന്നു.
സ്വന്തം സഹോദരൻ ആഗ്രയിൽ നൽകിയ മോഷണക്കേസിലെ പ്രതി കൂടിയാണ് ഇയാൾ. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കൂടെയുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ തന്റെ വാട്സാപ്പ് ഡിപിയാക്കിയാണ് ഇയാൾ നടന്നിരുന്നത്.
ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായിരുന്നു ഈ തന്ത്രം. ലക്ഷ്വറി കാറുകളിലായിരുന്നു ഇയാളുടെ യാത്രകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസമെന്നും പൊലീസ് വ്യക്തമാക്കി.
ഡൽഹി, പുണെ, നാഗ്പുർ തുടങ്ങി നിരവധി മെട്രോ നഗരങ്ങളിൽ ഈ റാക്കറ്റിന്റെ കെണിയിൽ പെട്ടവരുടെ യഥാർത്ഥ കണക്കുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. നിലവിൽ നാഗ്പുർ പരിധിയിൽ രണ്ട് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതീവ സങ്കീർണ്ണമായ രീതിയിലാണ് ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ചതെന്നും കേസിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും നാഗ്പുർ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാഹുൽ മദാനെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

