കൊല്ലം വാടിയിലെ വാടകവീട്ടിൽ നിന്ന് കള്ളനോട്ട് അച്ചടിക്കുന്ന സാമഗ്രികൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രണ്ടര കോടിയോളം രൂപയുടെ കള്ളനോട്ട് വിപണിയിലിറക്കാൻ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കല്ലേലിവയൽ സ്വദേശി സിബിയോണിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രാത്രിയാണ് തീരദേശ മേഖലയായ വാടിയിലെ വീട്ടിൽ സിറ്റി ഡാൻസാഫ് സംഘവും പള്ളിത്തോട്ടം പൊലീസും ചേർന്ന് സംയുക്ത റെയ്ഡ് നടത്തിയത്.
പരിശോധനയിൽ പ്രിന്ററും, അച്ചടിക്കാനായി മുറിച്ചു വെച്ച 500 രൂപയുടെ പേപ്പർ കെട്ടുകളും, നോട്ട് എണ്ണുന്ന യന്ത്രവും കണ്ടെടുത്തു. പിടിച്ചെടുത്ത പേപ്പറുകളിൽ 500 രൂപയുടെ നോട്ടുകളുടെ ഡിസൈൻ പതിപ്പിച്ചിരുന്നു.
ഇതിനുപുറമെ, 45 പവനോളം വരുന്ന സ്വർണാഭരണങ്ങളും 4,32,000 രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ കേസിൽ നിർണ്ണായകമായത് സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ നൽകിയ പരാതിയാണ്.
അദ്ദേഹം തട്ടിക്കൊണ്ടുപോകലിന് ഇരയായെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ പരാതിക്ക് പിന്നാലെ സിബിയോൺ സ്റ്റേഷനിൽ ഹാജരാവുകയും, തട്ടിക്കൊണ്ടുപോയവർ തന്നെ വിട്ടയച്ചതായി മൊഴി നൽകുകയും ചെയ്തു.
തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറിക്കിക്കൊണ്ടുപോയ പ്രതിയെ പൊലീസ് പിടികൂടുകയും, കവർച്ച ചെയ്യപ്പെട്ടതെന്ന് പറഞ്ഞ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസിന്റെ തുടർച്ചയായ നിരീക്ഷണമാണ് ഒടുവിൽ കള്ളനോട്ട് അച്ചടി കേന്ദ്രത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്.
തട്ടിക്കൊണ്ടുപോകൽ പരാതിയും കള്ളനോട്ട് നിർമ്മാണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

