ബോളിവുഡ് താരം ടൈഗർ ഷ്റോഫ് വധശ്രമക്കേസിൽ നിർണായക പുരോഗതി. ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയ പ്രതിയെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അന്വേഷണ സംഘം പിടികൂടി.
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 11 ആയി ഉയർന്നു. 2022-ൽ നടന്ന ഒരു സിനിമാ പ്രമോഷനിടയിൽ സൽമാൻ ഖാനെ പുകഴ്ത്തിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി.
ബോളിവുഡിലെ യഥാർത്ഥ ടൈഗർ സൽമാൻ ഖാനെന്നായിരുന്നു ടൈഗർ ഷ്റോഫ് അന്ന് പരാമർശിച്ചത്. തനിക്ക് ശത്രുക്കളാരുമില്ലെന്നും ആക്രമണത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
നടൻ മാനസികമായി തയ്യാറായാൽ ഉടൻ തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം. ആക്രമണത്തിന് മുൻപും ശേഷവും പ്രതികൾ ഇന്റർനെറ്റ് കോളുകളും സിഗ്നൽ ആപ്പും വ്യാപകമായി ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പൊലീസിന്റെ നീക്കങ്ങളും മാധ്യമ വാർത്തകളും ഒരാൾ നിരന്തരം പ്രതികളെ അറിയിച്ചുകൊണ്ടിരുന്നു. ഇയാളുടെ നിർദേശപ്രകാരമാണ് യാത്രയും റൂട്ട്മാപ്പും പോലും തീരുമാനിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇതിനിടയിൽ, കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവും സംഘാംഗമായ നീരജ് ഫരീദ്പുരിയയും അമേരിക്കയിൽ അറസ്റ്റിലായി. യുഎസിലെ ലാസ് വെഗാസിൽ വെച്ചാണ് ഇവർ പിടിയിലായത്.
ഡൽഹി, ഹരിയാന പൊലീസ് സേനകളുടെ പിടികിട്ടാപുള്ളി പട്ടികയിലുള്ളയാളാണ് ഹിമാൻഷു. ലോറൻസ് ബിഷ്ണോയി ഗ്യാങിന്റെ എതിരാളികൂടിയായ ഇയാളെയും കൂട്ടാളിയെയും ഇന്ത്യയിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

