കൊല്ലം നഗരത്തിൽ പന്ത്രണ്ട് വയസ്സുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായത്.
സ്കൂൾ വിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ വീടുവിട്ടിറങ്ങുകയായിരുന്നു. മൂന്നാം ദിനവും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പൊലീസും റെയിൽവേ പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്താണ് താമസിക്കുന്നത്. വീടുവിട്ടുപോകുന്നതിന് മുൻപ് അബ്രഹാം സ്വന്തമായി മുടി വെട്ടി രൂപമാറ്റം വരുത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
തന്നെ ആരും തിരിച്ചറിയാതിരിക്കാൻ കരുതിക്കൂട്ടിയാകാം കുട്ടി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് നിഗമനം. കൊല്ലത്തെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അബ്രഹാം.
വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി സൈക്കിളിൽ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ സൈ പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ് കണ്ടെടുത്തത്.
റെയിൽവേ സ്റ്റേഷനിലെത്തിയാണ് കുട്ടി പോയതെന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും അബ്രഹാം സ്റ്റേഷനുള്ളിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കുട്ടി ട്രെയിനിൽ കയറി പോയിട്ടില്ലെന്നാണ് റെയിൽവേ പൊലീസ് ഉറപ്പിച്ച് പറയുന്നത്. സ്റ്റേഷന് സമീപത്തുനിന്നും സൈക്കിൾ കണ്ടെടുത്തത് മാത്രമാണ് കുട്ടി അവിടേക്ക് എത്തിയിട്ടുണ്ടാകാം എന്നതിനുള്ള ഏക സൂചന.
നിലവിൽ ആർപിഎഫും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കുടുംബത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലായിരുന്നുവെന്നും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും കുട്ടിയുടെ പിതാവ് ബിരേന്ദർ വ്യക്തമാക്കി.
ഏതാനും ആഴ്ചകൾക്ക് മുൻപ് താനും കുടുംബവും സുഹൃത്തുക്കളുമൊത്ത് മൂന്നാറിൽ വിനോദയാത്ര പോയിരുന്നുവെന്നും അവിടെ അബ്രഹാം ഏറെ സന്തോഷവാനായിരുന്നുവെന്നും പിതാവ് പറഞ്ഞു. മകന് മറ്റ് പ്രത്യേക വിഷമങ്ങളോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും മകനെ സുരക്ഷിതമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും ബിരേന്ദർ കൂട്ടിച്ചേർത്തു.
അബ്രഹാം കൊൽക്കത്തയിലുള്ള അമ്മയുടെ അടുത്തേക്ക് പോയതാകാം എന്ന സംശയവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ അബ്രഹാമിന്റെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്ക് മടങ്ങിയിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായിട്ടാണ് അവർ നാട്ടിലേക്ക് പോയത്. ചികിത്സ പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം.
അമ്മയെ പിരിഞ്ഞുനിൽക്കുന്നതിന്റെ വിഷമം കുട്ടിയെ അലട്ടിയിരിക്കാമെന്നും അമ്മയുടെ അടുത്തേക്ക് എത്തുന്നതിനായി കുട്ടി വല്ലവഴിയേയും യാത്ര തിരിച്ചിട്ടുണ്ടാകാം എന്നും പൊലീസ് കരുതുന്നു. കൊല്ലം വഴി കൊൽക്കത്തയിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചും പരിശോധനകൾ പുരോഗമിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും അന്വേഷണത്തിന്റെ ഭാഗമായും ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലും പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതരും പൊലീസും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

