പുൽപള്ളി ∙ തേനീച്ചക്കൂടുകളിൽ വണ്ടുകൾ താവളമാക്കിയതിനെ തുടർന്ന് തേനീച്ചകൾ കൂട്ടത്തോടെ പറന്നകന്നു. ഇതേത്തുടർന്ന് കർഷകർക്കുണ്ടായിരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്.
കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലും വനയോരങ്ങളിലും സ്ഥാപിച്ച പെട്ടികളിലാണ് ഈ എതിർപ്രാണികൾ എത്തിപ്പെട്ടിരിക്കുന്നത്. വണ്ടു പോലുള്ള ജീവികൾ തേനീച്ചപ്പെട്ടികളിൽ കയറിക്കൂടി മുട്ടയിട്ട് പെരുകിത്തുടങ്ങുമ്പോൾ തേനീച്ചകൾ കൂട്ടമായി കൂടൊഴിയുകയാണ് പതിവ്.
ഈച്ചകളൊഴിഞ്ഞ പെട്ടികളിൽ വണ്ടുകൾ പെരുകിയതോടെ കർഷകർ അവയെല്ലാമെടുത്തു മാറ്റുന്ന അവസ്ഥയാണ് ഉള്ളത്. ഇക്കൊല്ലം ഒരു തുള്ളി തേൻ പോലും ലഭിക്കാത്ത സാഹചര്യമാണെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.
ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതിഭാസമെന്ന് 24 വർഷമായി തേൻകൃഷി ചെയ്യുന്ന വണ്ടിക്കടവ് തറയിൽ പാപ്പച്ചൻ പറയുന്നു. “80 പെട്ടികളാണ് തോട്ടത്തിൽ സ്ഥാപിച്ചിരുന്നത്.
അതിൽ അവശേഷിക്കുന്നത് 2 എണ്ണം മാത്രം. കാലവർഷാരംഭിത്തിനു മുൻപാണ് തേൻ ലഭിക്കുക.
ഈ സമയത്ത് തേനീച്ചപ്പെട്ടികൾ വിഭജിച്ച് കൂടുതൽ പെട്ടികൾ സ്ഥാപിക്കും. ഇക്കൊല്ലം ശത്രുകീടങ്ങൾ തേനീച്ചകളെ തുരത്തിയതോടെ വേറെ ഈച്ചകളെ കൊണ്ടുവന്ന് പെട്ടിയിലാക്കിയാലും കാര്യമില്ലെന്ന് പാപ്പച്ചൻ പറയുന്നു.
തോട്ടത്തിലിരുന്ന പെട്ടികളെടുത്ത് തിളച്ചവെള്ളത്തിൽ കഴുകി മാറ്റിവച്ചു. വർഷങ്ങളായി കൃത്യമായി ചെയ്തിരുന്ന കൃഷി മുടങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടവുമായി.” ചെടികൾ നന്നായി പൂവിട്ടുതുടങ്ങുമ്പോഴാണ് തേൻ ഉൽപാദനവും നടക്കുന്നത്.
വയനാട് ഒഴികെയുള്ള ജില്ലകളിൽ റബർതോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് കാര്യമായ തേനീച്ചകൃഷി നടക്കുന്നത്. എന്നാൽ ഇവിടെ റബർ തോട്ടങ്ങൾ കുറവായതിനാൽ മറ്റു ചെടികളെ ആശ്രയിച്ചാണ് തേനീച്ചയുടെ വളർച്ച.
വനപ്രദേശത്തും ഇത്തരം പ്രശ്നമുണ്ടെന്ന് തേനെടുക്കാൻ പോകുന്നവർ സാക്ഷ്യപ്പെടുത്തുന്നു. തേനുണ്ടാകുന്ന അടയുടെ പലഭാഗത്തും പുഴുക്കൂടുകൾ രൂപപ്പെട്ട് ഈച്ചകൾ ഒഴിവായിപോവുകയും അതുവഴി തേൻ ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

