ഖത്തറിലെ കേരള മുസ്ലിം കൾച്ചറൽ സെന്റർ(കെഎംസിസി) ഓഫിസിൽ നടന്ന വൻ കവർച്ച ക്വട്ടേഷൻ പ്രകാരമാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ ശബ്ദരേഖകൾ പുറത്തുവന്നു. ഇതോടെ കേസിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
കേസിലെ ഒന്നാം പ്രതിയായ ബോംബെ ഷാജി എന്ന ഷാജഹാൻ, കമറുദ്ദീൻ പയ്യോളി എന്നയാളുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം എട്ടു കോടിയോളം രൂപയുടെ (31 ലക്ഷം റിയാൽ) മോഷണമാണ് നടന്നിട്ടുള്ളതെങ്കിലും, ശബ്ദരേഖയിൽ ഇത് ഏകദേശം 25 കോടിയോളം രൂപ വരുമെന്നാണ് സൂചിപ്പിക്കുന്നത്.
ഖത്തറിലെ ഒരു പ്രമുഖ ബിസിനസുകാരനു വേണ്ടിയാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും, എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു നൽകിയിട്ടും വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ലെന്നും ഈ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. ആറു പേരാണ് നിലവിൽ ഈ കേസിൽ പ്രതികളായിട്ടുള്ളത്.
പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിൽ പരാമർശിക്കപ്പെടുന്ന മറ്റ് വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഈ കേസിൽ വഴിത്തിരിവായത് നാലാം പ്രതിയായ കൊയിലാണ്ടി വിയ്യൂർ സ്വദേശിയും ബിജെപി ബൂത്ത് പ്രസിഡണ്ടുമായ നെല്ല്യാടി പരപ്പിൻകുനിയിൽ ബാലകൃഷ്ണൻ (60) കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയതാണ്.
ബാലകൃഷ്ണൻ, ബോംബെ ഷാജി എന്നിവർക്ക് പുറമെ പയ്യോളി റാഷി, ബാവ (സാലിഹ്), ഹസൻ മമ്മാലി, നിസാർ എന്നിവരെ പ്രതികളാക്കിയാണ് കൊയിലാണ്ടി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റും തലശ്ശേരി സ്വദേശിയുമായ പി.കെ.
അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അബ്ദുൽ റഹിം നേരിട്ടെത്തി ബാലകൃഷ്ണനുമായി സംസാരിച്ച് അത് റെക്കോർഡ് ചെയ്ത ശേഷം പൊലീസിന് കൈമാറുകയായിരുന്നു.
2025 സെപ്റ്റംബർ 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഖത്തറിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫിസിന്റെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തായിരുന്നു കവർച്ച.
ഖത്തറിൽ അറബിയുടെ വീട്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വീസയും വിമാന ടിക്കറ്റും നൽകി തന്നെ അവിടെയെത്തിച്ച ഷാജഹാനും സംഘവും ആദ്യം ഒരു വില്ലയിലും പിന്നീട് ലോഡ്ജിലുമാണ് താമസിപ്പിച്ചതെന്ന് ബാലകൃഷ്ണൻ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. മുറിയിൽ പൂട്ടിയിട്ടിരുന്ന തന്നെ ‘റസാഖ്’ എന്ന് പരിചയപ്പെടുത്തിയ ഒരാൾ പുലർച്ചെ നാല് മണിക്ക് ഒരു വീട്ടിലെ പണക്കാവശ്യത്തിനെന്ന വ്യാജേന കെഎംസിസി ഓഫിസിൽ എത്തിക്കുകയായിരുന്നു.
അവിടെയെത്തിയപ്പോഴാണ് വീടല്ലെന്നും ഓഫിസാണെന്നും തനിക്ക് മനസ്സിലായത്. ഭീഷണിപ്പെടുത്തിയാണ് ഗ്യാസ് കട്ടറും കമ്പിപ്പാരയും ഉപയോഗിച്ച് ലോക്കറിന്റെ പൂട്ട് തകർക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.
തനിക്ക് വെൽഡിങ് മാത്രമേ അറിയൂവെന്നും കട്ടിങ് ജോലികൾ വശമില്ലെന്നു വ്യക്തമാക്കിയിട്ടും ഭീഷണിപ്പെടുത്തിയാണ് താൻ കൊണ്ട് ഈ കൃത്യം ചെയ്യിപ്പിച്ചത്. തുടർന്ന് ലോക്കറുകൾ തകർത്ത് പണം ബാഗുകളിലാക്കി മറ്റു പ്രതികൾ കടത്തിക്കൊണ്ടുപോയെന്നും, പിന്നീട് പാസ്പോർട്ടും 50,000 രൂപയ്ക്കുള്ള ഖത്തർ റിയാലും നൽകി തന്നെ നാട്ടിലേക്ക് മടക്കി അയച്ചെന്നുമാണ് ബാലകൃഷ്ണന്റെ മൊഴിയിലുള്ളത്.
അറിവില്ലായ്മയെ ചൂഷണം ചെയ്ത് തന്നെ മോഷണത്തിൽ പങ്കാളിയാക്കിയ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ബാലകൃഷ്ണനെ കൊയിലാണ്ടി സബ് ജയിലിലേക്കാണ് മാറ്റിയത്.
മറ്റൊരു ശബ്ദസന്ദേശത്തിൽ, റോട്ടാന റസാഖിന്റെ സഹോദരനായ ഹസൈനാരോട് ഒന്നാം പ്രതി ബോംബെ ഷാജി നൽകുന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. “നിങ്ങൾ റോങ്ങാണെങ്കിൽ ഞാൻ നല്ല റോങ്ങാണ്” എന്നാണ് സന്ദേശത്തിൽ പറയുന്നത്.
ആവശ്യങ്ങൾക്കൊപ്പം സഹകരിച്ചില്ലെങ്കിൽ റോട്ടാന റസാഖിനെ കേസിൽ കുടുക്കുമെന്നും ഭീഷണിയുണ്ട്. മോഷണമുതൽ വീതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട
തർക്കങ്ങളും വാഗ്ദാനലംഘനങ്ങളുമാണ് ഒടുവിൽ വിവരങ്ങൾ പുറത്തുവരാൻ കാരണമായതെന്നാണ് സൂചന. ഫണ്ട് കെഎംസിസിയുടേതാണെന്ന് താൻ ആദ്യം അറിഞ്ഞിരുന്നില്ലെന്ന് ബോംബെ ഷാജി മറ്റൊരു സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
കമറു പയ്യോളി എന്നയാളുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തൽ. “കമറു അങ്ങനത്തെ ആളല്ല.
സത്യസന്ധനാണ്, എങ്ങനെയായാലും അവർ പൈസ തരുമെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതിൽ പങ്കാളിയായത്. ഇത് കെഎംസിസിയുടെ പൈസയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ ഞങ്ങൾ ഇതിന് നിൽക്കില്ലായിരുന്നു.
ഞങ്ങൾ കക്കലുണ്ട്, നല്ലത് കക്കും. ഇത് എടുത്തുതന്നതോടെ നാട്ടിൽ അഞ്ചാറുമാസമായി എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
മക്കളെയും അപ്പനെയും കുടുംബക്കാരെയും വിഷമിപ്പിച്ച് നാടുവിട്ട് നടക്കേണ്ട ഗതികേടായി.
നാട്ടിൽ മോശം പേരുണ്ടായി. പൈസ കിട്ടുമെന്ന പ്രതീക്ഷയിലാണ് അതെല്ലാം സഹിച്ചത്.
എന്നാൽ എനിക്ക് അർഹമായ പണം കിട്ടണം. അഞ്ചാം തീയതിയും പത്താം തീയതിയുമെല്ലാം കഴിഞ്ഞു, ഈ വരുന്ന വെള്ളിയാഴ്ചയ്ക്കകം പണം എനിക്ക് ലഭിക്കണം.
ഞാൻ ആവശ്യപ്പെടുന്ന തുക എന്റെ മുത്ത് എനിക്ക് തന്നാൽ ഈ പ്രശ്നം നല്ല രീതിയിൽ അവസാനിപ്പിക്കാം. ഇതിങ്ങനെ വഷളാക്കിയാൽ എന്റെയും നിന്റെയും കുടുംബങ്ങളിൽ വലിയ തകർച്ചയുണ്ടാകും.
പത്തിരുപത്തിയഞ്ച് കോടി രൂപ ഞാൻ എടുത്തു തന്നിട്ട് നീ അവിടെ പുതിയ വണ്ടിയൊക്കെയെടുത്തതും ഷോപ്പ് ഉദ്ഘാടനം ചെയ്തതും ഞാൻ അറിയുന്നില്ലെന്ന് കരുതരുത്” എന്നാണ് ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിൽ ഉള്ളത്. കേസിൽ ഒന്നാം പ്രതിയായ ബോംബെ ഷാജി കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
നാട്ടിൽ നിന്ന് ക്വട്ടേഷൻ സംഘത്തെ ഖത്തറിലെത്തിച്ചാണ് കെഎംസിസി ഓഫിസിൽ മോഷണം നടത്തിയതെന്ന് വ്യക്തമാകുന്നതായി പരാതിക്കാരനായ പി.കെ. അബ്ദുൽ റഹീം പ്രതികരിച്ചു.
ഖത്തറിലുള്ളവരുടെ അറിവും സഹായവും ഇല്ലാതെ ഇത്തരത്തിലുള്ളൊരു കവർച്ച നടക്കാൻ സാധ്യതയില്ല. കെഎംസിസിയിലെ ആരെങ്കിലും ഈ സംഘത്തിലുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജിസിസി രാജ്യങ്ങളിലും പ്രവാസികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അനുഭാവികളുടെയും മലയാളി പ്രവാസികളുടെയും ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മയാണ് കെഎംസിസി. ഇതിന്റെ ഭാഗമായി ഖത്തറിലെ 25,000-ത്തിലധികം വരുന്ന പ്രവർത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിധിയിൽ നിന്നാണ് 31 ലക്ഷം ഖത്തർ റിയാൽ കവർന്നത്.
ഓരോ അംഗവും 20 റിയാൽ വീതം സമാഹരിച്ചാണ് ഈ തുക കണ്ടെത്തിയത്. ക്ഷേമനിധിയായി പണപ്പിരിവ് നടത്തുന്നതും ബാങ്കിൽ നിക്ഷേപിക്കുന്നതും ഖത്തറിലെ നിയമപ്രകാരം കുറ്റകരമായതിനാലാണ് കെഎംസിസി ഓഫിസിൽ പ്രത്യേക ലോക്കർ സ്ഥാപിച്ച് ഈ തുക സൂക്ഷിച്ചിരുന്നത്.
എന്നാൽ കെഎംസിസി പ്രവർത്തകർക്ക് മാത്രം അറിവുള്ള ഈ രഹസ്യ വിവരങ്ങൾ എങ്ങനെ പുറത്തുവന്നു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചയിൽ കെഎംസിസി പ്രവർത്തകരായി ആർക്കെങ്കിലും പങ്കാളിത്തമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.
പാർട്ടിയാണ് ഈ വിഷയത്തിൽ പരാതി നൽകിയതെന്നും, ഏതെങ്കിലും കെഎംസിസിക്കാരൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൽ സംഘടനയിൽ നിന്ന് പുറത്താക്കുക മാത്രമല്ല, മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ ലീഗ് മുന്നിലുണ്ടാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കെഎംസിസിയിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ച നാസിഫ്, ഗഫൂർ എന്നിവരെ നേരത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഖത്തർ കെഎംസിസി സ്പോർട്സ് വിങ് കൺവീനറായ റോട്ടാന റസാഖ് ഉൾപ്പെടെയുള്ളവർക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് ഈ വിഷയം ഉന്നയിച്ചുകൊണ്ട് പുറത്താക്കപ്പെട്ട
നാസിഫ് ആരോപിച്ചിരുന്നു. കവർച്ചയുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി മുസ്ലിം ലീഗിനുള്ളിൽ ചില അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ ഈ കവർച്ചയുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവുമില്ലെന്ന് ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിൽ പരാമർശിക്കപ്പെട്ട
ഖത്തറിലെ ബിസിനസുകാരനായ റോട്ടാന റസാഖ് മാധ്യമങ്ങളോട് വ്യക്തമാക്കി. നാട്ടിൽ ജീവിക്കാൻ വേണ്ടത്ര ചുറ്റുപാടുള്ള തനിക്ക് ഈ പണത്തിന്റെ ആവശ്യമില്ലെന്നും, ആവശ്യത്തിന് സമ്പാദ്യമുള്ള താൻ എന്തിനാണ് ഇത്തരം മോഷണങ്ങൾക്ക് കൂട്ടുനിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് റോട്ടാന റസാഖിന്റെ സഹോദരനും കൊയിലാണ്ടി സ്വദേശിയുമായ ഹസൈനാരും വ്യക്തമാക്കി. ഖത്തറിൽ ബിസിനസ് ചെയ്തുവരുന്ന തങ്ങളെ കുടുംബത്തോടുള്ള വിരോധം കാരണം യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ ചിലർ ബോധപൂർവം വലിച്ചിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികളിൽ ആരെയും തനിക്ക് പരിചയമില്ലെന്നും, ഒന്നര വർഷം മുൻപ് കെഎംസിസി ഓഫിസിൽ ഒരു പ്രസംഗം കേൾക്കാൻ മാത്രമാണ് താൻ പോയിട്ടുള്ളതെന്നും ഹസൈനാർ കൂട്ടിച്ചേർത്തു. കേസിലെ അഞ്ചാം പ്രതിയായ ഹസൻ മമ്മാലി താനാണെന്ന രീതിയിലും ചിലർ പ്രചാരണം നടത്തുന്നുണ്ട്.
പാലച്ചുവട് സ്വദേശിയായ തന്നെ ചില അറബികൾ ‘ഹസൻ’ എന്ന് വിളിക്കാറുണ്ടെങ്കിലും കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ താനല്ല. അഞ്ചാം പ്രതിയുടെ ചിത്രത്തിന് പകരം തന്റെ ചിത്രം ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അഞ്ചാം പ്രതിയായി ചേർത്തിരിക്കുന്ന ഹസൻ കൊയിലാണ്ടിയിലെ ഹസൈനാർ തന്നെയാണെന്ന് റിമാൻഡിലായ ബാലകൃഷ്ണൻ മുൻപ് വെളിപ്പെടുത്തിയ വീഡിയോ സന്ദേശവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ടവർ കോഴിക്കോട് നിന്നുള്ളവരാണെങ്കിലും കുറ്റകൃത്യം നടന്നത് ഖത്തറിലായതിനാൽ അന്വേഷണം ആ രാജ്യത്തേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു.
ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

