കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങി കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ കോഴിക്കോട് സിറ്റി പൊലീസ് സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട് സൗത്ത് ബീച്ചിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
എറണാകുളം സ്വദേശിയായ യുവാവിനെയാണ് ഉദ്യോഗസ്ഥർ അനുനയത്തിലൂടെ ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. ഏറെ നേരം യുവാവുമായി സംസാരിച്ച് മാനസിക പിന്തുണ നൽകിയ ശേഷം ഇയാളെ സുരക്ഷിതമായി നാട്ടിലേക്ക് അയക്കുകയായിരുന്നു.
കോഴിക്കോട് സൗത്ത് ബീച്ചിൽ ഒരാൾ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചതോടെയാണ് ഉദ്യോഗസ്ഥർ അടിയന്തര രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. വിവരം ലഭിച്ച ഉടൻ തന്നെ എലത്തൂർ, ടൗൺ, കൺട്രോൾ റൂം എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം അതിവേഗം സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു.
കടലിൽ ചാടാൻ മുതിർന്ന യുവാവിനെ കണ്ടെത്തിയ ഉദ്യോഗസ്ഥർ ആദ്യംതന്നെ ഇയാളുടെ സുരക്ഷ ഉറപ്പാക്കുകയും തുടർന്ന് സ്നേഹപൂർവ്വം സംസാരിച്ച് മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന യുവാവ്, നാട്ടിലെ കുടുംബപ്രശ്നങ്ങളെ തുടർന്ന് വഴക്കിട്ട് വീടുവിട്ടിറങ്ങിയതാണെന്നും ഇനി മടങ്ങില്ലെന്നും ജീവനൊടുക്കാൻ തീരുമാനിച്ചുറച്ചാണ് എത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
വിവിധ പൊലീസ് യൂണിറ്റുകളുടെ ഏകോപിതവും സമയബന്ധിതവുമായ ഇടപെടലും, യുവാവിനെ ക്ഷമയോടെ കേട്ട് വിശ്വാസത്തിലെടുത്തതും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. എലത്തൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രവീൺ, സിവിൽ പൊലീസ് ഓഫിസർ വൈശാഖ്, ഹോം ഗാർഡ് ഷാജി, ടൗൺ പൊലീസ് സ്റ്റേഷൻ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമീജ്, സിവിൽ പൊലീസ് ഓഫിസർ അബ്ദുൾ ഹക്കീം, കൺട്രോൾ റൂം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിബുലേഷ്, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

