സ്മാർട്ട് വാച്ച് വിപണിയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് ഗൂഗിൾ അവതരിപ്പിച്ച ഫിറ്റ്ബിറ്റ് എഡ്ജ് (Fitbit Edge), പ്രീമിയം മോഡലായ പിക്സൽ വാച്ച് 5 (Pixel Watch 5) എന്നിവ തമ്മിലുള്ള താരതമ്യം ഉപയോക്താക്കൾക്കിടയിൽ ശ്രദ്ധ നേടുന്നു. ഒക്ടോബർ 27-ന് സ്റ്റോറുകളിൽ എത്തുന്ന പുതിയ ഫിറ്റ്ബിറ്റ് എഡ്ജിന് 180 ഡോളറാണ് വില വരുന്നത്.
എന്നാൽ ഗൂഗിൾ പിക്സൽ വാച്ച് 5-ന്റെ പ്രാരംഭ വില 400 ഡോളറാണ്. ഏകദേശം 220 ഡോളറിന്റെ വിലക്കുറവാണ് ഫിറ്റ്ബിറ്റ് എഡ്ജ് വാഗ്ദാനം ചെയ്യുന്നത്.
വിലക്കുറവുണ്ടെങ്കിലും ഫിറ്റ്ബിറ്റ് എഡ്ജിൽ ബിൽറ്റ്-ഇൻ ജി.പി.എസും ഒരു ആഴ്ച വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. 17.7 ഗ്രാം മാത്രം ഭാരമുള്ള ഈ ഉപകരണം 1.34 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയോട് കൂടിയ അലുമിനിയം ബോഡിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഫിറ്റ്ബിറ്റിന്റെ ചരിത്രത്തിൽ ആദ്യമായി മാറ്റിവെക്കാവുന്ന ബാറ്ററിയുമായി എത്തുന്ന ഈ ഉപകരണത്തിൽ 5 എ.ടി.എം, ഐ.പി.68 വാട്ടർ റെസിസ്റ്റൻസും നൽകിയിട്ടുണ്ട്. കൂടാതെ ഉയരം അളക്കാനുള്ള ആൾട്ടിമീറ്റർ, ചർമ്മത്തിലെ താപനില നിരീക്ഷിക്കുന്ന സംവിധാനം, ഇ.സി.ജി സെൻസർ എന്നിവയും ഇതിലുണ്ട്.
എന്നാൽ ഈ കുറഞ്ഞ വിലയിൽ ലഭ്യമാകുമ്പോഴും പിക്സൽ വാച്ച് 5-ൽ ഉള്ള ചില പ്രധാന ഫീച്ചറുകൾ ഫിറ്റ്ബിറ്റ് എഡ്ജിൽ ഒഴിവാക്കിയിട്ടുണ്ട്. വെയർ ഒ.എസ് ആപ്പ് സ്റ്റോറിന് പകരം പ്രൊപ്രൈറ്ററി ഫിറ്റ്ബിറ്റ് ഒ.എസിലാണ് ഇത് പ്രവർത്തിക്കുന്നത്.
അതിനാൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി തേർഡ് പാർട്ടി ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാകില്ല. കൂടാതെ എൽ.ടി.ഇ കണക്റ്റിവിറ്റിയുടെ അഭാവം മൂലം കോൾ ചെയ്യാനും സന്ദേശങ്ങൾ അയക്കാനും ഫോൺ കൂടെ കരുതേണ്ടതുണ്ട്.
എൻ.എഫ്.സി ചിപ്പ് ഇല്ലാത്തതിനാൽ ഗൂഗിൾ വാളറ്റ് വഴിയുള്ള പണമിടപാടുകളും ഇതിൽ സാധ്യമല്ല. ജെമിനി എ.ഐ പിന്തുണയുണ്ടെങ്കിലും ഫോണിലൂടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ആൻഡ്രോയിഡിന് പുറമെ ഐ.ഒ.എസ് (iOS 16.4+) പിന്തുണയും ഫിറ്റ്ബിറ്റ് എഡ്ജ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ആൻഡ്രോയിഡ് 12 അല്ലെങ്കിൽ അതിൽ ഉയർന്ന പതിപ്പുകളിൽ മാത്രം പ്രവർത്തിക്കുന്ന പിക്സൽ വാച്ച് 5 ആപ്പിൾ ഫോണുകളെ പിന്തുണയ്ക്കുന്നില്ല.
ആരോഗ്യ നിരീക്ഷണത്തിന് മുൻഗണന നൽകുന്നവർക്കും കുറഞ്ഞ ചെലവിൽ മികച്ച ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കും ഫിറ്റ്ബിറ്റ് എഡ്ജ് മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

