ഉത്തര മലബാറിലെ യാത്രക്കാരുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേയുടെ പുതിയ സമയക്രമങ്ങളിലും ട്രെയിൻ അനുവദിക്കുന്നതിലും കാസർകോട് ജില്ല അവഗണിക്കപ്പെടുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ഈ വിഷയം വീണ്ടും ചർച്ചയാകുന്നത്.
കണ്ണൂർ വരെ എത്തുന്ന പ്രധാനപ്പെട്ട 9 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടിയാൽ ഇരു ജില്ലകളിലെയും യാത്രക്കാരുടെ ദുരിതത്തിന് വലിയൊരളവോളം ആശ്വാസമാകും.
ബിജെപി ദേശീയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പി.കെ.കൃഷ്ണദാസും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ടു നിവേദനം നൽകിയ വേളയിൽ, ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്ക് നീട്ടാമെന്ന ധാരണയായതായി സൂചനയുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. മലബാറിലെ യാത്രാപ്രശ്നത്തിന് പരിഹാരമായി ഷൊർണൂർ – കണ്ണൂർ മെമു, യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, തൃശൂർ – കണ്ണൂർ എക്സ്പ്രസ്, കോഴിക്കോട് – കണ്ണൂർ പാസഞ്ചർ, പാലക്കാട് – കണ്ണൂർ എക്സ്പ്രസ്, കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് എന്നീ സർവീസുകൾ നീട്ടാവുന്നതാണ്.
കൂടാതെ, കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്ന തിരുവനന്തപുരം ജനശതാബ്ദി, ആലപ്പുഴ എക്സിക്യൂട്ടീവ്, കോയമ്പത്തൂർ എക്സ്പ്രസ്, കണ്ണൂർ – കോഴിക്കോട് പാസഞ്ചർ, എറണാകുളം ജംക്ഷൻ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ – ഷൊർണൂർ പാസഞ്ചർ, കണ്ണൂർ – ഷൊർണൂർ മെമു, യശ്വന്ത്പൂർ എക്സ്പ്രസ് തുടങ്ങിയവ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന രീതിയിലേക്ക് മാറ്റിയാൽ പുതിയ ട്രെയിനുകൾ അനുവദിക്കാതെ തന്നെ ഈ മേഖലയിലെ യാത്രാബുദ്ധിമുട്ടുകൾ ലഘുക്കരിക്കാനാകും. മഞ്ചേശ്വരത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
പാലക്കാട് ഡിവിഷന് മൂന്ന് പുതിയ മെമു റേക്ക് അനുവദിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. കാസർകോട് സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസിനായുള്ള ക്ലീനിങ് സൗകര്യങ്ങളും മൂന്നാം പ്ലാറ്റ്ഫോമിലെ സൗകര്യങ്ങളും നിലവിലുണ്ട്.
ഉച്ചയ്ക്ക് 1.20ന് കാസർകോട്ടെത്തുന്ന വന്ദേഭാരത് 2.30ന് മടങ്ങിയ ശേഷം ഈ പ്ലാറ്റ്ഫോം ഒഴിഞ്ഞു കിടക്കുകയാണ്. ഈ സൗകര്യങ്ങൾ കൂടി പ്രയോജനപ്പെടുത്തി അധിക സർവീസുകൾ കൈകാര്യം ചെയ്യാൻ റെയിൽവേ തയാറാകണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

