സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ, വൻ രാസലഹരി വേട്ട. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ 32 ഗ്രാം രാസലഹരിയുമായി 50 കാരിയായ സ്ത്രീ അറസ്റ്റിലായി.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോട്ടപ്പടി വില്ലേജ് വാവേലി ഭാഗത്ത് ചിരട്ടക്കൽ വീട്ടിൽ മിനിമോൾ ആണ് പിടിയിലായത്.
ഇവർ നിലവിൽ മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
പ്രതി താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ രാസലഹരി തൂക്കി നോക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്. വിൽപ്പനയ്ക്കായി പ്രത്യേകം പാക്ക് ചെയ്തു സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
കുറച്ചുനാളുകളായി പൊലീസിന്റെയും അന്വേഷണ സംഘത്തിന്റെയും കർശന നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ ഉറവിടം, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നവരെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരാളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐ ആർ ബി റോഷ്നി, എഎസ്ഐമാരായ പി എസ് സലിം, കെ എം അനിഷ്, കെ എ അനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

