ജനാധിപത്യ സംവിധാനത്തിൽ സർക്കാരിനെ ചോദ്യം ചെയ്യാനും പരിഷ്കരണങ്ങൾക്കായി സമ്മർദ്ദം ചെലുത്താനുമുള്ള ജനകീയ പ്രതിഷേധങ്ങളെ കോൺഗ്രസ് അട്ടിമറിക്കുകയാണെന്ന് എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനം ഉന്നയിച്ചു. ജനാധിപത്യത്തിൽ ഇത്തരം ജനകീയ പ്രസ്ഥാനങ്ങൾ ആവശ്യമാണെങ്കിലും പ്രതിപക്ഷ പാർട്ടി അവയെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ‘‘സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും വ്യവസ്ഥിതിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനും സ്വാഭാവികമായി രൂപപ്പെടുന്ന പ്രസ്ഥാനങ്ങൾ ജനാധിപത്യത്തിൽ ആവശ്യമാണ്.
എന്നാൽ കോൺഗ്രസ് ഈ പ്രസ്ഥാനങ്ങളെയും നശിപ്പിക്കുന്നു. പ്രതിപക്ഷത്തെ യുവനേതാക്കളെ കോൺഗ്രസ് ഒതുക്കുകയാണ്.
ഒരാളെ മാത്രം എപ്പോഴും മുൻനിരയിൽ നിർത്താനാണ് അവർ ശ്രമിക്കുന്നത്’’ – നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് തങ്ങളുടെ നേതൃത്വത്തെ പ്രൊമോട്ട് ചെയ്യാൻ നടത്തുന്ന ശ്രമങ്ങളെ ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണങ്ങളോട് ഉപമിച്ചാണ് അദ്ദേഹം പരിഹസിച്ചത്.
‘‘ആ പരാജയപ്പെട്ട ഉൽപന്നം ലോഞ്ച് ചെയ്യാൻ കോൺഗ്രസ് എത്രനാൾ രാജ്യത്തിന്റെ താൽപര്യങ്ങൾ പണയം വയ്ക്കുമെന്ന് എനിക്കറിയില്ല.
ഒരു വർഷത്തിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് പോലും ഇത്രയധികം റോക്കറ്റ് വിക്ഷേപണങ്ങൾ നടക്കുന്നില്ല, അത്രയേറെ തവണയാണ് കോൺഗ്രസ് തങ്ങളുടെ നേതാവിനെ ലോഞ്ച് ചെയ്യാൻ പരാജയപ്പെട്ട ശ്രമങ്ങൾ നടത്തുന്നത്’’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘‘കോൺഗ്രസ് അതിന്റെ തകർച്ചയുടെ പാതയിൽ തുടരുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. പക്ഷേ, ഒരു കുടുംബത്തെ രക്ഷിക്കാൻ അവർ രാജ്യത്തിന്റെ കീർത്തിയെയാണ് വിചാരണ ചെയ്യുന്നത്.
മുന്തിരി പുളിക്കുന്നതുകൊണ്ട് ആ മുന്തിരിവള്ളി തന്നെ വെട്ടിമാറ്റാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്’’ – നരേന്ദ്ര മോദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

