സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങളും ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു. ജില്ലയിൽ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ക്വാറികളുടെയും പ്രവർത്തനങ്ങൾ പൂർണ്ണമായി നിരോധിച്ചു ഉത്തരവായിട്ടുണ്ട്.
ബീച്ചുകൾ, നദികൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ സമീപത്തേക്കും മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും പ്രാദേശികമായി അവധി പ്രഖ്യാപിക്കാൻ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും അധികാരം നൽകി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ വരുന്ന തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് ബാധകമാണ്. ഇതിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

