വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി തലസ്ഥാനമായ റിയാദിലേക്കും വീണ്ടും ഹൂതി ആക്രമണം റിപ്പോർട്ട് ചെയ്തു. നാല് ഡ്രോണുകൾ തകർത്തതായി സൗദി സേന ഔദ്യോഗികമായി അറിയിച്ചു.
ദമ്മാം വിമാനത്താവളത്തിലേക്കും അരാംകോയുടെ ശൈബ എണ്ണപ്പാടത്തേക്കും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ തിരികെയെത്തിക്കാൻ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ആക്രമിക്കില്ലെന്നാണ് ഹൂതികളുടെ പ്രഖ്യാപിത നിലപാടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ ആക്രമണങ്ങളാണ് ഉണ്ടായത്.
റിയാദിലേക്കും മദീനയിലേക്കുമായി എത്തിയ നാല് ഡ്രോണുകളെയും സുരക്ഷാ സേന തകർത്തു. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങൾ തങ്ങളുടേതല്ലെന്നാണ് ഹൂതികൾ വിശദീകരിക്കുന്നത്.
എന്നാൽ റിയാദിൽ സൗദിയുടെ പ്രതിരോധ മന്ത്രാലയം ആക്രമിച്ചെന്ന് ഹൂതികൾ അവകാശപ്പെടുന്നുണ്ട്. അബഹ വിമാനത്താവളം ആക്രമിച്ചെന്ന് അവകാശപ്പെട്ടതിനൊപ്പം ദമാം വിമാനത്താവളവും ആരാംകോ റിഫൈനറിയും ആക്രമിച്ചത് ഹൂത്തികൾ സ്ഥിരീകരിക്കുകയും ചെയ്തു.
തങ്ങൾക്ക് നേരെ സൗദി നടത്തിയ ആക്രമണങ്ങളിൽ മൊത്തം മരണം 562 ആയി എന്ന് ഹൂതികൾ ആരോപിച്ചു. യമൻ തീരത്ത് പതിനാല് ഇന്ത്യക്കാരുള്ള ഒരു നൗക ആക്രമിക്കപ്പെട്ടെന്ന് ഹൂതികൾ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
ദമാം വിമാനത്താവളത്തിൽ മരിച്ച രണ്ടു പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഈ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.
അൽ ഷൈബ എണ്ണപ്പാടത്ത് മരിച്ച രണ്ടു പേരും പ്രവാസികളായ വിദേശ പൗരന്മാരാണ്. പരിക്കേറ്റവരിൽ ഇന്ത്യക്കാരനും ഉൾപ്പെടുന്നു.
അതിനിടെ, വ്യോമത്താവളങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നത് ഉംറ തീർത്ഥാടകരുടെ മടക്കയാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. തീർത്ഥാടകർ ഉൾപ്പെടെയുള്ളവരുടെ യാത്രകൾ വലിയ പ്രതിസന്ധിയിലാണ്.
ബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച മന്ത്രാലയം, കഴിഞ്ഞ ആഴ്ച്ചകലിൽ 13,000ത്തിലധികം തീർത്ഥാടകർ സുരക്ഷിതരായി തിരികെ മടങ്ങിയെത്തിയതായും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

