അമരാവതി: വൈ.എസ്.ആർ.സി.പി നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സഹോദരി വൈ.എസ്.
ശർമിളയുടെ മകളുടെ വിവാഹച്ചടങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി പരാതി. നവംബർ 25-ന് ബെംഗളൂരുവിലെ കുടുംബ സ്വത്തായ യെലഹങ്ക പാലസിൽ വച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാൽ സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ ചടങ്ങുകൾ നടത്താൻ അനുവാദമില്ലെന്ന് ജഗൻ അറിയിച്ചതായി ശർമിളയുടെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സോമല രഘുരാമി റെഡ്ഡിയുമായുള്ള വൈ.എസ്.
അഞ്ജലി റെഡ്ഡിയുടെ വിവാഹനിശ്ചയം കഴിഞ്ഞ സെപ്റ്റംബർ 24-നാണ് നടന്നത്. തുടർന്ന് നവംബർ 25-ന് ബെംഗളൂരു യെലഹങ്ക പാലസിൽ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി വിവാഹക്ഷണക്കത്തുകൾ അച്ചടിക്കുകയും ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ ശർമിള നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ യെലഹങ്ക പാലസിൽ വെച്ച് ചടങ്ങ് നടത്തുവാൻ സാധിക്കില്ലെന്ന കർശന നിലപാടാണ് ജഗൻ മോഹൻ റെഡ്ഡി സ്വീകരിച്ചത്.
പ്രമുഖരായ അതിഥികൾ അടക്കം പങ്കെടുക്കുന്നതിനാൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ മുൻനിർത്തി പുതിയ വേദി കണ്ടെത്തേണ്ട പ്രതിസന്ധിയിലാണ് ശർമിള ഇപ്പോൾ ഉള്ളതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹായി അറിയിച്ചു.
സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഓഹരികൾ ഉൾപ്പെടെയുള്ള കുടുംബസ്വത്തുകളുടെ ഉടമസ്ഥതയെച്ചൊല്ലി സഹോദരങ്ങളായ ജഗനും ശർമിളയും തമ്മിൽ വലിയ തോതിലുള്ള നിയമപോരാട്ടങ്ങൾ നടന്നു വരുന്നുണ്ട്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ പരിഗണനയിലാണ് നിലവിൽ ഈ വിഷയങ്ങളുള്ളത്.
അന്തരിച്ച മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി തന്റെ മകനും മകൾക്കും തുല്യമായി സ്വത്തുക്കൾ വീതിച്ചു നൽകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ശർമിളയെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദ്, ബെംഗളൂരു, ഇടുപുലപായ എന്നിവിടങ്ങളിൽ ഇരുവർക്കുമായി പ്രത്യേകമായി വസതികൾ അദ്ദേഹം നിർമ്മിച്ചു നൽകിയിരുന്നു. ഹൈദരാബാദിലെ ലോട്ടസ് പോണ്ടിലുള്ള വസതിയിലാണ് ശർമിള ഇപ്പോൾ താമസിക്കുന്നത്.
ഇതിന് തൊട്ടടുത്തായി ജഗന്റെ വീടുമുണ്ട്. കുടുംബത്തിന്റെ ജന്മനാടായ ഇടുപുലപായയിലും ഇരുവർക്കും സ്വന്തമായി വീടുകളുണ്ട്.
കർണാടകയിലെ യെലഹങ്കയിൽ 20 ഏക്കർ വിസ്തൃതിയിലുള്ള ഭൂമിയിലും ഇരുവരുടെയും പേരിൽ വസതികൾ പണിതുവെങ്കിലും, ശർമിളയ്ക്ക് അവകാശപ്പെട്ട വീട് ഇതുവരെ റജിസ്റ്റർ ചെയ്തു നൽകിയിട്ടില്ല.
2009 സെപ്റ്റംബർ 2-നാണ് ഹെലികോപ്റ്റർ അപകടത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡി മരണമടയുന്നത്.
ഈ ദുരന്തത്തിന് ശേഷവും ജഗനും ശർമിളയും തമ്മിൽ വളരെ അടുത്ത ബന്ധം തന്നെയായിരുന്നു പുലർത്തിയിരുന്നത്. ജഗൻ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്ന കാലത്ത് പാർട്ടിയുടെ പ്രചാരണാർത്ഥം ആന്ധ്രാപ്രദേശിലുടനീളം യാത്രകൾ നടത്തി ജനങ്ങളെ കണ്ടത് ശർമിളയായിരുന്നു.
എന്നാൽ 2019-ൽ ജഗൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുകയും സ്വത്തുക്കളുടെ പേരിൽ തർക്കങ്ങൾ ഉടലെടുക്കുകയും ചെയ്തു. ബെംഗളൂരുവിലെ കുടുംബ സ്വത്തിലുള്ള അവകാശമാണ് ജഗൻ സഹോദരിക്ക് നിഷേധിച്ചത്.
പിന്നീട് 2024-ൽ ശർമിള കോൺഗ്രസ് പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

