കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിനുപുറമേ 10 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.
മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ നാളെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് ബാധകമായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം പാറശാലയിൽ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട റെയിൽവേ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
എന്നാൽ സുരക്ഷ മുൻനിർത്തി തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിലെ ആറ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ പരശുറാം എക്സ്പ്രസ് ഉൾപ്പെടെ 5 ട്രെയിനുകൾ വൈകിയാണ് പുറപ്പെടുക.
കോഴിക്കോട് ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലകളിൽ മഴ കനത്തതോടൊപ്പം താമരശ്ശേരിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇതിനിടെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്.
എസ്റ്റേറ്റിനുള്ളിൽ 4 മൂരികളെയും 8 പശുക്കളെയും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

