സാധനം എത്തിച്ചപ്പോൾ നൽകിയ പണത്തിൽ കീറിയ 10 രൂപയുടെ നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓൺലൈൻ ഡെലിവറി ജീവനക്കാരന് മർദ്ദനമേറ്റു. ഡൽഹി ഈസ്റ്റ് വിനോദ് നഗറിൽ ഒക്ടോബർ 4നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈന് ഈ ദുരനുഭവം ഉണ്ടായത്.
തുടർന്ന് കടുത്ത മനോവിഷമത്തിലായ സമീർ ഒക്ടോബർ 5ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സമീർ ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ഈ സംഭവത്തിൽ ഡൽഹി പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാകേഷ് എന്ന ബണ്ടി (30), രാംപാൽ സിങ് (65) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തനിക്ക് നേരിടേണ്ടി വന്ന ക്രൂരമർദ്ദനങ്ങളെക്കുറിച്ച് സമീർ തന്നെ വ്യക്തമാക്കിയിട്ടുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തിന് പുറമേ ആത്മഹത്യാ പ്രേരണാ കുറ്റവും പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

