മൊബൈൽ ഫോണുകളിൽ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുക എന്നത് പലപ്പോഴും പ്രയാസകരമായ ഒന്നായി തോന്നാറുണ്ട്. എന്നാൽ ഫോണിലെ പലരും ശ്രദ്ധിക്കാത്ത ചില പ്രത്യേക ഫീച്ചറുകൾ ഉപയോഗിക്കുന്നതിലൂടെ ആപ്പുകൾക്കിടയിൽ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും.
സ്പ്ലിറ്റ്-സ്ക്രീൻ ഉപയോഗം മുതൽ വിവിധ കുറുക്കുവഴികൾ വരെ ഫോണിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നു. ആൻഡ്രോയിഡിലെ ഏറ്റവും ഉപകാരപ്രദമായ മൾട്ടിടാസ്കിങ് ഫീച്ചറുകളിൽ ഒന്നാണ് സ്പ്ലിറ്റ്-സ്ക്രീൻ മോഡ്.
രണ്ട് ആപ്പുകൾക്കിടയിൽ മാറിമാറി പ്രവർത്തിക്കുന്നതിന് പകരം ഒരേ സ്ക്രീനിൽ രണ്ടും ഒരേസമയം തുറന്നുവെക്കാൻ ഇതിലൂടെ സാധിക്കും. വിവരങ്ങൾ ശേഖരിക്കുമ്പോഴോ കുറിപ്പുകൾ തയ്യാറാക്കുമ്പോഴോ ഇത് ഏറെ സഹായകരമാണ്.
ആദ്യം ഉപയോഗിക്കേണ്ട ആപ്പ് തുറക്കുക.
അതിനുശേഷം സ്ക്രീനിന്റെ അടിയിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് ഹോൾഡ് ചെയ്താൽ ‘റീസെന്റ് ആപ്പുകൾ’ കാണാം. പ്രിവ്യൂവിന് മുകളിലുള്ള ആപ്പ് ഐക്കണിൽ ടാപ്പ് ചെയ്ത് സ്പ്ലിറ്റ് സ്ക്രീൻ തിരഞ്ഞെടുക്കുക.
തുടർന്ന് തുറക്കേണ്ട രണ്ടാമത്തെ ആപ്പ് തിരഞ്ഞെടുക്കുക.
ഇതിലൂടെ രണ്ട് ആപ്പുകൾക്കും സ്ക്രീൻ പങ്കിട്ടു കിട്ടുന്നു. ഇതിനുപുറമെ, ക്രോമിലെ ടാബ് ഗ്രൂപ്പുകൾ ഉപയോഗിച്ച് ബ്രൗസിങ് കൂടുതൽ വ്യവസ്ഥാപിതമാക്കാൻ സാധിക്കും.
ഒരു യാത്രാ പ്ലാൻ തയ്യാറാക്കുമ്പോൾ ഹോട്ടലുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള പേജുകൾ വേറെ വേറെ തുറന്നിടുന്നതിന് പകരം ഗ്രൂപ്പുകളാക്കി മാറ്റാം. ഇതിനായി മൂന്ന് ഡോട്ടുകളുള്ള മെനു ഐക്കണിൽ ടാപ്പ് ചെയ്ത് ആഡ് ടാബ് ടു ന്യൂ ഗ്രൂപ്പ് തിരഞ്ഞെടുക്കുക.
ഇതിന് പേര് നൽകി നിറം തിരഞ്ഞെടുക്കുകയും ചെയ്യാം. ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകൾ പൂർണ്ണമായി ഒഴിവാക്കാതെ ചെറിയ ഫ്ലോട്ടിങ് വിൻഡോകളായി ഉപയോഗിക്കാൻ ആപ്പ് ബബിളുകൾ സഹായിക്കുന്നു.
ഇതിനായി ഹോം സ്ക്രീനിലോ ആപ്പ് ഡ്രോയറിലോ ഉള്ള ആപ്പ് ഐക്കണിൽ ദീർഘനേരം അമർത്തിപ്പിടിച്ച് ബബിൾ തിരഞ്ഞെടുക്കുക. എന്തെങ്കിലും സംശയങ്ങൾ വരുമ്പോൾ ബ്രൗസിങ് നിർത്താതെ തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ ജെമിനി സഹായിക്കും.
‘ഹേയ് ഗൂഗിൾ’ എന്ന് പറഞ്ഞോ പവർ ബട്ടൺ അമർത്തിപ്പിടിച്ചോ ഇത് പ്രവർത്തിപ്പിക്കാം. നിലവിലുള്ള സ്ക്രീനിന് മുകളിലായി അസിസ്റ്റന്റ് പ്രത്യക്ഷപ്പെടും.
ഇതിനായി ജെമിനി സെറ്റിങ്സിലെ സ്ക്രീൻ കോൺടെക്സ്റ്റ് ഓപ്ഷൻ എനേബിൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

