കോഴിക്കോട് ജില്ലയിൽ വലിയ ചർച്ചയായ ഖത്തർ കെഎംസിസി ഓഫീസ് കവർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ കവർച്ചാ സംഘത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു.
കവർച്ചയുടെ പ്രതിഫലം ചോദിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സംഘത്തിൽ ഉൾപ്പെട്ട
ബോംബെ ഷാജി എന്നയാളുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. തങ്ങൾ കവർന്നത് 25 കോടിയോളം രൂപയാണെന്നും എന്നാൽ ഈ ഫണ്ട് കെഎംസിസിയുടേതാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഷാജി പറയുന്നതെന്ന് സംഭാഷണത്തിൽ വ്യക്തമാകുന്നു.
കാക്കച്ചി കമറു എന്നയാളോടാണ് ഷാജി ഇക്കാര്യങ്ങൾ സംസാരിക്കുന്നത്. ഈ കവർച്ചാ കേസിൽ കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് നേരത്തെ പൊലീസിൽ കീഴടങ്ങിയിരുന്നു.
കൊയിലാണ്ടി കൊല്ലം സ്വദേശിയായ ബാലകൃഷ്ണൻ ആണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും, അവിടെയെത്തിയ ശേഷം കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ പൊലീസിന് നൽകിയിട്ടുള്ള മൊഴി.
ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ കവർന്ന കേസിലാണ് ഇപ്പോൾ പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ ബാലകൃഷ്ണൻ ബിജെപി പ്രവർത്തകനാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻപ് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം, പാർട്ടിയിൽ ചേരുന്നതിന് മുൻപാണ് ഈ കുറ്റകൃത്യം നടത്തിയത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ബാലകൃഷ്ണനെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്ന് ബിജെപി മണ്ഡലം വ്യക്തമാക്കി.
ആരൊക്കെയാണ് ബാലകൃഷ്ണനെ ഖത്തറിൽ എത്തിച്ചത് എന്ന് കണ്ടെത്തണമെന്നും, ഈ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു. കവർച്ച ചെയ്ത പണം രാജ്യത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

