വനമേഖലയ്ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ചേകാടി ഗ്രാമത്തിലെ റോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ പ്രധാന നെൽക്കൃഷി മേഖലകളിലൊന്നായ ഇവിടേക്ക് കാനനഭംഗി ആസ്വദിക്കാൻ ദിനംപ്രതി നിരവധി പേരാണ് എത്തിച്ചേരുന്നത്.
എന്നാൽ ഗ്രാമത്തിലേക്കുള്ള വഴികളിലെല്ലാം വലിയ കുഴികളും അപകടക്കെണികളും രൂപപ്പെട്ടിരിക്കുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നുണ്ട്. പ്രധാന പാതകളായ പാക്കം–കുറുവ–പന്നിക്കൽ റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്.
പന്നിക്കൽ മുതൽ ചേകാടി വരെയുള്ള ഭാഗത്തെ ഡ്രെയിനേജ് സംവിധാനം മണ്ണിട്ട് മൂടിയതുമൂലം മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകുകയും വലിയ കുഴികൾ രൂപപ്പെടുകയുമാണുണ്ടായത്. ഈ ഭാഗത്ത് ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനോട് ചേർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴോ റോഡിൽ നിന്ന് വാഹനം മാറിപ്പോകുമ്പോഴോ അപകടത്തിൽപെടുന്ന സംഭവങ്ങൾ പതിവാണ്. തുടർന്ന് ഇത്തരം വാഹനങ്ങൾ കെട്ടിവലിച്ചാണ് റോഡിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും നിരവധി വാഹനങ്ങളാണ് ഇവിടത്തെ യാത്രയ്ക്കിടയിൽ തകരാറിലായത്. അവധി ദിവസങ്ങളിൽ വൻ തിരക്കാണ് ഈ മേഖല അനുഭവപ്പെടുന്നത്.
മറ്റ് ജില്ലകളിൽ നിന്ന് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ മോശമായ റോഡുകൾ കാരണം വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. തോണിക്കടവ്–ചേകാടി പാതയുടെ അടിത്തറ പോലും പൂർണ്ണമായും തകർന്നിട്ടുണ്ട്.
കൂടാതെ വീരാടി–പന്നിക്കൽ റോഡും സഞ്ചാരയോഗ്യമല്ല. ഇതുവഴി സർവീസ് നടത്തുന്ന ബസുകളിലെ യാത്രക്കാരുടെയും നടുവൊടിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഗ്രാമത്തിലെ റോഡുകളുടെ പ്രാധാന്യം മാനിച്ച് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം. റോഡരികിലെ കുഴികളിൽ വാഹനം വീഴാതിരിക്കാൻ താൽക്കാലികമായി മണ്ണിട്ടിട്ടുണ്ടെങ്കിലും കുഴികൾ പൂർണ്ണമായി അടയ്ക്കാനുള്ള നടപടികളാണ് അടിയന്തരമായി വേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

