ഫ്രാൻസിൽ ആരംഭിച്ച വിദ്യാർഥിപ്രക്ഷോഭം ഇരട്ടിക്കരുത്തോടെ മുന്നോട്ട്. ഇന്ധനത്തിനുൾപ്പെടെയുള്ള വിലക്കയറ്റത്തിലും ഭരണ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് 8 വർഷം മുൻപ് തെരുവിലിറങ്ങി ഫ്രഞ്ച് അധികൃതരെ വിറപ്പിച്ച ‘മഞ്ഞക്കുപ്പായക്കാർ’ (യെലോ വെസ്റ്റ് മൂവ്മെന്റ്) പുതിയ പ്രക്ഷോഭത്തിനൊപ്പം അണിചേരും.
പാരിസ് നഗരഹൃദയത്തിൽ ശനിയാഴ്ച കൂറ്റൻ റാലി നടത്തുമെന്നാണ് പ്രഖ്യാപിച്ചത്. അന്ന് വിദ്യാർഥികളുടെ പ്രതിഷേധപ്രകടനങ്ങളുമുണ്ട്.
കഴിഞ്ഞ ശനിയാഴ്ചത്തെ വിദ്യാർഥിപ്രക്ഷോഭമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ആഘാതം മാറുംമുൻപേയാണ് പാരിസ് വീണ്ടുമൊരു വൻപ്രതിഷേധത്തിനു വേദിയാകുന്നത്. പാരിസ് ഉൾപ്പെടെ നഗരങ്ങളിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി വിദ്യാർഥിപ്രക്ഷോഭകരെ നിയന്ത്രിക്കാനാണു സർക്കാർ ശ്രമം.
18 വയസ്സിനു താഴെയുള്ളവർ രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്കു തെരുവിലിറങ്ങുന്നതിനു വിലക്കുണ്ട്. പാരിസ്, മാഴ്സെ, ലിയൊ തുടങ്ങിയ നഗരങ്ങളിൽ കടകൾ നശിപ്പിച്ചും കൊള്ളയടിച്ചും പ്രക്ഷോഭകർ അക്രമം നടത്തിയിരുന്നു.
ഇവിടങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് ആദ്യ മുൻഗണന. മഞ്ഞക്കുപ്പായക്കാരുൾപ്പെടെ ഈ ശനിയാഴ്ച നടത്തുന്ന റാലികൾക്കു മുന്നോടിയായി വൻ സുരക്ഷാസന്നാഹം ഒരുക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിൻ ലുകോനു പറഞ്ഞു.
ലിമോഷ് നഗരത്തിലെ ടൗൺഹാൾ നശിപ്പിച്ച തീവയ്പിനു തുടക്കമിട്ടയാളെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫ്രാൻസിലെ പ്രമുഖ യൂണിയനുകൾ നവംബർ 5ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
യൂണിയൻ നേതാക്കൾ ഇന്നലെ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിൻ ലുകോനുവുമായി കൂടിക്കാഴ്ച നടത്തി. വിദ്യാർഥി നേതാക്കളെയും ചർച്ചയ്ക്കു വിളിക്കും.
വിദ്യാർഥി പ്രക്ഷോഭം ഫ്രാൻസിൽനിന്ന് യൂറോപ്പിലാകെ പടർന്നു കത്തുകയാണ്. സ്പെയിൻ, ബെൽജിയം, ഇറ്റലി, അൽബേനിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾക്കുപിന്നാലെ ഗ്രീസിലും വിദ്യാർഥികൾ തെരുവിലിറങ്ങി.
ക്ലാസ് മുറികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതും അധ്യാപകരുടെ ശമ്പളം കൂട്ടുന്നതുമുൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഗ്രീസിലെ പ്രൈമറി സ്കൂൾ അധ്യാപകർ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു.
ഹൈസ്കൂൾ അധ്യാപകരുടെ സംഘടനകളും സമരത്തിനൊരുങ്ങുന്നു. രണ്ടു വർഷമായി സെർബിയയിൽ പ്രതിഷേധസമരങ്ങളുമായി നിർണായക സാന്നിജ്യമായ സ്റ്റുഡന്റ് ലിസ്റ്റ് എന്ന വിദ്യാർഥി കൂട്ടായ്മ പ്രക്ഷോഭം ശക്തമാക്കി.
ഫ്രാൻസിലെ പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങളുമാണ് ചില രാഷ്ട്രീയ നേതാക്കളും വിദേശരാജ്യങ്ങളിലെ നേതാക്കളും പ്രചരിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആരോപിച്ചു. കുടിയേറ്റവും ഇസ്ലാമിക ഭീകരതയുമാണ് ഫ്രാൻസിലെ പ്രക്ഷോഭത്തിനു പിന്നിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
വിദേശനേതാക്കൾ കുപ്രചാരണം നടത്തുന്നെന്ന് ആരോപിച്ചത് ട്രംപിനെ ഉദ്ദേശിച്ചാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അദ്ദേഹവും ഉൾപ്പെടും’ എന്നായിരുന്നു മക്രോയുടെ പ്രതികരണം. ഫ്രാൻസിന്റെ ചെലവിൽ വിദേശനേതാക്കൾ മുതലെടുപ്പു നടത്തുന്നത് അനുവദിക്കില്ലെന്നും മക്രോ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

