തൃശ്ശൂർ: പ്രശസ്തമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച ഔദ്യോഗികമായി തുടക്കമാകും. വിവിധ വ്യക്തികൾ, പ്രമുഖ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടായി തുടർച്ചയായി 30 ദിവസങ്ങളിലായി ചുറ്റുവിളക്ക് ഉണ്ടായിരിക്കുന്നതാണ്.
പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വകയായുള്ള ചുറ്റുവിളക്കോടെയാണ് ഇത്തവണത്തെ വിളക്കാഘോഷങ്ങൾക്ക് തിരിതെളിയുന്നത്. തുടർളള ദിവസങ്ങളിൽ മർച്ചന്റ്സ് അസോസിയേഷൻ, ഗുരുവായൂർ പോലീസ്, നീതിവിളക്ക്, പോസ്റ്റൽ വിളക്ക് തുടങ്ങി വിവിധ വിഭാഗങ്ങളുടെ വകയായുള്ള വിളക്കാഘോഷങ്ങൾ നടക്കും.
ആഘോഷങ്ങളുടെ സമാപന ദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വകയായുള്ള ചുറ്റുവിളക്കുകളും നടത്തുന്നതാണ്. രാത്രി നടക്കുന്ന വിളക്കഴുന്നള്ളിപ്പിനായി നറുനെയ്യ് ഉപയോഗിച്ച് തെളിയിക്കുന്ന വിളക്കുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര സങ്കേതത്തിൽ മേളത്തോടുകൂടിയ ശീവേലി എഴുന്നള്ളിപ്പ്, രാത്രികാലങ്ങളിൽ വിശേഷാൽ ഇടയ്ക്കവാദ്യം, നാഗസ്വരം എന്നിവയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ലോകപ്രശസ്തമായ ചെമ്പൈ സംഗീതോത്സവത്തിന് നവംബർ ആറാം തീയതി തുടക്കമാകും.
നവംബർ ഏഴിന് രാവിലെ മുതൽ ഔദ്യോഗിക സംഗീതാർച്ചനകൾക്ക് തുടക്കമാകും. സംഗീതോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് മണി വരെ ക്ഷേത്രത്തിൽ വിശേഷാൽ കച്ചേരികൾ ഉണ്ടായിരിക്കുന്നതാണ്.
ഈ വർഷത്തെ പ്രധാനപ്പെട്ട ഗുരുവായൂർ ഏകാദശി നവംബർ 21നാണ് ആഘോഷിക്കുന്നത്.
ഏകാദശി ദിനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ വകയായാണ് ചുറ്റുവിളക്കാഘോഷം നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

