ഇന്ത്യയുടെ സാമ്പത്തിക വിപണിയിൽ വൻ മുന്നേറ്റവുമായി ജിയോ പ്ലാറ്റ്ഫോംസ് പ്രാരംഭ ഓഹരി വിൽപന (ഐപിഒ). രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒയ്ക്ക് ആദ്യ ദിവസം തന്നെ നിക്ഷേപകരുടെ ഭാഗത്തുനിന്നും അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്.
30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ ഐപിഒ, വ്യാപാരം ആരംഭിച്ച ആദ്യ 100 മിനിറ്റിനുള്ളിൽ തന്നെ പൂർണ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കി ശ്രദ്ധ നേടി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അനുവദിച്ചിരിക്കുന്ന ക്വാട്ടയേക്കാൾ 1.6 മടങ്ങ് അധിക സബ്സ്ക്രിപ്ഷനാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം 23 വരെ നിക്ഷേപകർക്ക് ഐപിഒയ്ക്കായി അപേക്ഷ സമർപ്പിക്കാം. യോഗ്യരായ സ്ഥാപക നിക്ഷേപകരുടെ (ക്യുഐബി) വിഭാഗത്തിൽ 6.72 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്.
കൂടാതെ, ആദ്യ ദിനം തന്നെ പത്ത് ലക്ഷത്തിലധികം അപേക്ഷകളും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ആങ്കർ നിക്ഷേപകർക്കായുള്ള ഓഹരി വിൽപനയിലും ജിയോ ഐപിഒയോടുള്ള വിപണിയുടെ താൽപര്യം പ്രകടമായി.
ഏകദേശം 8,110 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ആങ്കർ നിക്ഷേപകർക്കായി മാറ്റിവെച്ചിരുന്നത്. എന്നാൽ ഇതിനുവേണ്ടി 2.5 ലക്ഷം കോടിയിലധികം രൂപയുടെ ബിഡുകളാണ് വിപണിയിൽ എത്തിയത്.
ഈ വിഭാഗത്തിൽ 30 മടങ്ങിലധികം ഡിമാൻഡാണ് രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും വലിയ ഓഹരി വിഹിതം സ്വന്തമാക്കിയത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ്.
ഏകദേശം 500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് എൽഐസിക്ക് അനുവദിച്ചത്. ഐപിഒയുടെ വലിപ്പത്തിലും ജിയോ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.
ഇതുവരെ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം സ്വന്തമാക്കിയിരുന്നത് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പേരിലായിരുന്നു. 2024ൽ നടന്ന ഹ്യുണ്ടായ് ഐപിഒയിൽ 27,870 കോടി രൂപയാണ് സമാഹരിച്ചത്.
എന്നാൽ 30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ ഈ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഈ ഓഹരിക്ക് 1,065 മുതൽ 1,119 വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് അർഹരായ ഓഹരിയുടമകൾക്ക് ജിയോ ഓഹരികൾ സ്വന്തമാക്കാൻ പ്രത്യേക അവസരമൊരുക്കുന്നുണ്ട്. ഇവർക്കായി 2,500 കോടി രൂപ വരെ മൂല്യമുള്ള ഓഹരികൾ സംവരണം ചെയ്തിട്ടുണ്ട്.
അർഹരായ നിക്ഷേപകർക്ക് ഓഹരിയുടമകളുടെ വിഭാഗത്തിലും റീട്ടെയിൽ വിഭാഗത്തിലുമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിലൂടെ ഓഹരികൾ ലഭിക്കാനുള്ള സാധ്യതയും വർധിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

