രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്ക് കരുത്തുപകരുന്നതിൽ നിർണായക പങ്കുവഹിക്കുകയാണ് കൊച്ചിൻ ഷിപ്യാർഡ് (സിഎസ്എൽ). ഇന്ത്യയുടെ നാവികസേനയ്ക്കായി നിർമിക്കപ്പെടുന്ന പ്രധാനപ്പെട്ട
യുദ്ധക്കപ്പലുകളിൽ വലിയൊരു ഭാഗവും പിറവിയെടുക്കുന്നത് സിഎസ്എലിന്റെ യാഡുകളിലാണ്. സ്ഥാപനത്തിന്റെ മൊത്തം ഓർഡർ ബുക്ക് മൂല്യമായ 21,900 കോടി രൂപയിൽ 54 ശതമാനവും പ്രതിരോധ മേഖലയിൽ നിന്നുള്ളതാണെന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
11,900 കോടി രൂപയാണ് പ്രതിരോധ മേഖലയിൽ നിന്നുള്ള ഈ സംഭാവന. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ആണ് സിഎസ്എലിനെ പ്രതിരോധ യാന നിർമാണ രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയത്.
ഇതിനകം കോസ്റ്റ് ഗാർഡിനായി 20 ഫാസ്റ്റ് പട്രോൾ വെസലുകളും, ബിഎസ്എഫിനായി 9 ഫ്ലോട്ടിങ് ബോർഡർ ഔട്ട്പോസ്റ്റ് വെസലുകളും, ഡിആർഡിഒയ്ക്കായി ഒരു ടെക്നോളജി ഡെമോ വെസലും യാഡിൽ നിർമിച്ചു നൽകിയിട്ടുണ്ട്. നിലവിൽ ആന്റി സബ് മറൈൻ വാർഫെയർ എസ്ഡബ്ല്യു കോർവെറ്റുകൾ, നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസലുകൾ തുടങ്ങി വിവിധയിനം അത്യാധുനിക യാനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വാണിജ്യ യാനങ്ങളുടെ വിഭാഗത്തിൽ 7,800 കോടി രൂപയുടെ കരാറുകളാണ് ഷിപ്യാർഡിനുള്ളത്. ഇതിൽ 7,200 കോടി രൂപയുടെയും കരാറുകൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ളതാണ്.
ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള കരാറുകൾ 1,600 കോടി രൂപയുടേതാണ്. പുതിയ കപ്പലുകളുടെ നിർമാണത്തിന് പുറമെ അറ്റകുറ്റപ്പണി രംഗത്തും സിഎസ്എൽ മികച്ച മുന്നേറ്റമാണ് നടപ്പിലാക്കുന്നത്.
നിലവിൽ 1,200 കോടി രൂപയുടെ അറ്റകുറ്റപ്പണി കരാറുകളാണ് ഷിപ്യാർഡിന്റെ കൈവശമുള്ളത്. ദുബായ് പോർട്ട് വേൾഡിന് (ഡിപി വേൾഡ്) കീഴിലുള്ള ഡ്രൈ ഡോക്സ് വേൾഡുമായി (ഡിഡിഡബ്ല്യു) ചേർന്ന് സംയുക്ത സംരംഭം രൂപീകരിച്ചിട്ടുള്ളത് കപ്പൽ അറ്റകുറ്റപ്പണി രംഗത്ത് ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നിരുന്നാലും, ഷിപ്യാർഡിന്റെ ഈ വലിയ വളർച്ചയുടെ നേട്ടം പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കേരളത്തിന് ഇനിയും സാധിച്ചിട്ടില്ല. കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ അനുബന്ധ ഉപകരണങ്ങളും ഉൽപന്നങ്ങളും നിർമിക്കുന്ന വൻകിട, ചെറുകിട
നിർമാതാക്കളുടെ കുറവ് സംസ്ഥാനത്ത് പ്രകടമാണ്. ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ വേളയിൽ 512 ചെറുകിട
സംരംഭകരുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെങ്കിലും അതിൽ കേരളത്തിൽ നിന്നുള്ള കമ്പനികളുടെ പ്രാതിനിത്യം വളരെ കുറവായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

