തിരുവനന്തപുരം: കോവളത്തെ സ്വകാര്യ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്താണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഈ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കടുത്ത വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
കമ്മീഷന് വ്യവസ്ഥയിലാണ് ഇവര്‍ പെണ്‍കുട്ടിയെ കൈമാറിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുട്ടിയെ ഉപദ്രവിക്കുന്ന ഓരോ ഘട്ടത്തിലും നിശ്ചിത കമ്മീഷന് കൈപ്പറ്റണമെന്നായിരുന്നു ധാരണയെന്നും, ഇതിനുള്ള പണം കുട്ടിയുടെ ഇളയമ്മയാണ് നേരിട്ട് കൈപ്പറ്റിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ക്രൂരമായ പീഡനത്തിനിരയായ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതുള്പ്പെടെയുള്ള ഗുരുതരമായ പരുക്കുകളുണ്ട്. കൂടാതെ, കേസിനാധാരമായ രജിസ്റ്റര്‍ ബുക്കുകളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ പ്രതികള്‍ ബോധപൂര്‍വ്വം നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പോക്സോ നിയമത്തിന് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ബലാത്സംഗ കുറ്റം തുടങ്ങിയ ഗൗരവമേറിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്പാ കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളെ എത്തിക്കുകയാണ് ഈ ദമ്പതികളുടെ പ്രധാന ജോലിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേസില്‍ അറസ്റ്റിലായ കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തും ഈ അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണിയാണ്. ഇയാള്‍ക്കുണ്ടായിരുന്ന ബന്ധമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ എത്തിക്കാന്‍ കാരണമായത്.
പെണ്‍കുട്ടിയെ തമിഴ്നാട്ടിലെത്തിച്ചും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ എത്തിച്ചിട്ടില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് ആവര്‍ത്തിച്ചു പറയുന്നത്.
എങ്കിലും പെണ്‍കുട്ടി ചെന്നൈയില്‍ ഉണ്ടായിരുന്ന സമയത്ത് പ്രതികളും അവിടെയുണ്ടായിരുന്നുവെന്നതിനുള്ള ശക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ചെന്നൈ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

