ഉപയോക്താക്കളുടെ അനുവാദമില്ലാതെ ഗൂഗിൾ പ്ലേ സർവീസസ് ഡിവൈസുകളിലെ ഫോൺ നമ്പറുകൾ പരിശോധിച്ച് അവ ഫോണിലെ മുഴുവൻ ഗൂഗിൾ അക്കൗണ്ടുകളുമായും ബന്ധിപ്പിക്കുന്നതായി പുതിയ കണ്ടെത്തൽ. Reddit ഉപയോക്താവാണ് ഈ വിവരം പുറത്തുവിട്ടത്.
ഔദ്യോഗിക മുന്നറിയിപ്പുകളോ അറിയിപ്പുകളോ ഇല്ലാതെയാണ് പശ്ചാത്തലത്തിൽ ഈ നടപടി നടക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ഈ സുരക്ഷാ പ്രശ്നം വെല്ലുവിളിയാകുന്നുണ്ട്. വ്യക്തിഗത ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കും മറ്റ് അജ്ഞാത ആവശ്യങ്ങൾക്കുമായി ഒരേ ഫോണിൽ പല അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ഇത്തരത്തിൽ ഒരേ ഫോൺ നമ്പറുമായി ബന്ധിപ്പിക്കപ്പെടുന്നത്.
ഇതിലൂടെ വെവ്വേറെ സൂക്ഷിക്കേണ്ട അക്കൗണ്ടുകളെല്ലാം ഒരു കണ്ണിയാൽ പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
അക്കൗണ്ടുകൾ തമ്മിലുള്ള ഡാറ്റകൾ നേരിട്ട് പങ്കുവെക്കപ്പെടുന്നില്ലെങ്കിലും, ഒരേ ഫോൺ നമ്പർ പങ്കിടുന്നത് വഴി ഈ അക്കൗണ്ടുകളെല്ലാം ഒരേ വ്യക്തിയുടേതാണെന്ന് വ്യക്തമാകുന്ന തരത്തിലുള്ള ലിങ്ക് സജ്ജീകരിക്കപ്പെടുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും ഭാവിയിൽ ഇത് തടയുന്നതിനുമായി ഉപയോക്താക്കൾക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.
ഇതിനായി ആദ്യം ഫോൺ നമ്പറിനായുള്ള ഓട്ടോമാറ്റിക് സിങ്ക് ഓപ്ഷൻ ഓഫ് ചെയ്യേണ്ടതുണ്ട്. സെറ്റിങ്സ് ആപ്പിലെ Google, All services മെനുവിന് കീഴിലുള്ള Privacy & security ക്രമീകരണങ്ങളിൽ പ്രവേശിച്ചാൽ Phone number verification ഓപ്ഷൻ കണ്ടെത്താൻ സാധിക്കും.
തുടർന്ന് നിങ്ങളുടെ ഓരോ ഗൂഗിൾ അക്കൗണ്ടിലും ലോഗിൻ ചെയ്ത് Personal info വിഭാഗത്തിലെ Phone എന്ന ഭാഗത്ത് പരിശോധിക്കുക. അവിടെ ആവശ്യമില്ലാത്തതോ അനുചിതവുമായോ ഏതെങ്കിലും നമ്പറുകൾ സേവ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാവുന്നതാണ്.
നിങ്ങളുടെ കൈവശമുള്ള എല്ലാ ഗൂഗിൾ അക്കൗണ്ടുകളിലും ഈ രീതിയിൽ പരിശോധന നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. GrapheneOS ഡിവൈസുകളിലും സമാനമായ രീതിയിൽ ഈ പ്രശ്നം അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

