പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ അത്യാധുനിക നിലവാരത്തിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു. ഇതിനോടൊപ്പം അങ്കണവാടി ജീവനക്കാർക്കായി സംഘടിപ്പിച്ച ശാക്തീകരണ പരിശീലന പരിപാടി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
മേപ്പാടി പഞ്ചായത്തിലെ ചെമ്പ്ര അങ്കണവാടിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
സി.ഐ.ഐ ഫൗണ്ടേഷൻ, ഈസ്റ്റേൺ – ഓർക്ള ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ് എന്നിവ സംയുക്തമായാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പ്രളയക്കെടുതി നേരിട്ട
പ്രദേശങ്ങളിലെ ശിശുക്ഷേമ-മുൻഗണനാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം കോർപറേറ്റ് പങ്കാളിത്ത പദ്ധതികൾക്ക് കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ‘സമൂഹ നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ ഭാവിതലമുറകൾക്ക് ശാശ്വതമായ മാറ്റം ഉണ്ടാക്കുമ്പോഴാണ് ഏറ്റവും അർഥവത്താകുന്നത് എന്നാണ് ഈസ്റ്റേണിൽ ഞങ്ങൾ വിശ്വസിക്കുന്നത്.
ഈ പദ്ധതിയിലൂടെ, വയനാട്ടിലെ കൊച്ചുകുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും സ്വാഗതാർഹവും ശിശുസൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സി.ഐ.ഐ ഫൗണ്ടേഷൻ, ജില്ലാ ഭരണകൂടം, പ്രാദേശിക പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. ഈ അങ്കണവാടികളുടെ നവീകരണവും ജീവനക്കാരുടെ പരിശീലനവും ദീർഘകാല സമൂഹവികസനത്തെ പിന്തുണയ്ക്കുന്നതിനും ഭാവി തലമുറയ്ക്കായി ശക്തമായ അടിത്തറ പാകുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്’, ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സിഇഒ ഗിരീഷ് നായർ വ്യക്തമാക്കി.
കൽപറ്റ നഗരസഭയ്ക്ക് പുറമേ മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മൂപ്പൈനാട് എന്നീ എട്ട് പഞ്ചായത്തുകളിലുമായാണ് 16 അങ്കണവാടികൾ പുനരുദ്ധരിച്ചത്. കെട്ടിടങ്ങളെ തന്നെ പഠനസഹായികളാക്കുന്ന ‘ബാല’ (Building as Learning Aid) ആശയം മുൻനിർത്തി ശിശുസൗഹൃദപരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.
കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കൽ, വൈദ്യുതീകരണം, ഫോൾസ് സീലിങ്, പ്ലംബിങ്, തറ ഓടുകൾ പാകൽ, ട്രസ് റിപ്പയർ, അടുക്കള നവീകരണങ്ങൾ, വർണാഭമായ ചിത്രപ്പണികൾ, ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക റാംപുകൾ, പ്രകൃതിസൗഹൃദ ബേബി ടോയ്ലെറ്റുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ജില്ലയിലെ 876 അങ്കണവാടി ജീവനക്കാർക്കായി രണ്ടുദിവസം നീണ്ട
പ്രത്യേക പരിശീലന ശിൽപശാലകളും വിജയകരമായി പൂർത്തിയാക്കി. ചടങ്ങിൽ കൽപറ്റ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ് ബാബു, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ഗീത.എം.ഷാജി, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോൺ മാതാ, വാർഡ് മെമ്പർ സുരേഷ്.എസ്, എഎൽഎംസി കമ്മിറ്റി മെമ്പർ ബാബു.പി, കൽപറ്റ സി.ഡി.പി.ഓ ഷൈജ.കെ.പി തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

