സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കൾക്ക് കനത്ത തിരിച്ചടിയായി പുതിയ താരിഫ് നയം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജുകളിലും വലിയ വർധനവിന് വഴിയൊരുക്കുന്നതാണ് ഈ പുതിയ പരിഷ്കരണ നടപടികൾ.
കെഎസ്ഇബിയുടെ മുൻകാല നഷ്ടമായ ഏകദേശം 5000 കോടി രൂപ അടുത്ത നാലു വർഷം കൊണ്ട് സർചാർജ് വഴി പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്ന രീതിയിലാണ് പുതിയ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ധനസർചാർജും ഗണ്യമായി ഉയരും.
കൂടാതെ, ഹ്രസ്വകാല കരാറുകൾ വഴി വരുന്ന അധിക ബാധ്യതകളും ഉപഭോക്താക്കളുടെ ചുമലിലാകും. വൈദ്യുതി ഉപയോഗിക്കുന്ന പീക്ക് സമയത്തിലും നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഇനി മുതൽ വൈകിട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് നിരക്കിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായിരുന്നു പീക്ക് സമയം. അതേസമയം, രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 11.30 മുതൽ രാവിലെ 8 വരെയുള്ള സമയങ്ങളിൽ കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്നും പുതിയ നയത്തിൽ നിർദേശമുണ്ട്.
വൈദ്യുതി വിതരണച്ചെലവ് എത്രയാണോ അതിനനുസൃതമായി നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നുണ്ട്. 2027-28 മുതൽ 2031-32 വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് നിർണ്ണയിക്കുന്നത് ഈ പുതിയ നയത്തെ അടിസ്ഥാനമാക്കിയായിരിക്കും.
ദീർഘകാല വൈദ്യുതി കരാറുകളിലെ അധിക ബാധ്യതകൾ നികത്താനാണ് ഇപ്പോൾ മാസംതോറും ഇന്ധന സർചാർജ് ചുമത്തുന്നത്. എന്നാൽ, പുതുക്കിയ നയം അനുസരിച്ച് ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകൾ മൂലം ഉണ്ടാകുന്ന അധിക ചെലവും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതാണ്.
ഇതിനായി റഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും, ശരാശരി വൈദ്യുതി വിലയുടെ നാല് ശതമാനത്തിൽ കൂടുതൽ ഇന്ധന സർചാർജ് നേരിട്ട് ഈടാക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഉണ്ടാകും.
ക്രോസ് സബ്സിഡി ഘട്ടം ഘട്ടമായി ചുരുക്കാനുള്ള നീക്കവും സാധാരണക്കാരായ ഗാർഹിക ഉപയോക്താക്കൾക്ക് വലിയ ആഘാതമായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

