പൊതുസ്ഥലങ്ങളിലും ട്രെയിനുകളിലും മൊബൈൽ ഫോണുകൾ ഉച്ചത്തിൽ ഉപയോഗിക്കുന്നത് യാത്രക്കാർക്ക് വലിയ തോതിൽ അസൗകര്യങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടിയുമായി സതേൺ റെയിൽവേ രംഗത്ത്. ട്രെയിൻ യാത്രകളിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ ഇനി മുതൽ പിഴ ഈടാക്കാനാണ് തീരുമാനം.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്നും 1,000 രൂപ പിഴ ഈടാക്കാനാണ് റെയിൽവേയുടെ ഉത്തരവ്. കൂടാതെ, ട്രെയിൻ കോച്ചുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിൽ നിന്ന് ഇവരെ പുറത്താക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കുറ്റം ആവർത്തിക്കുന്ന വ്യക്തികൾക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് സതേൺ റെയിൽവേ ഔദ്യോഗിക ഉത്തരവിറക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സമാധാനപരമായ യാത്രാനുഭവത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകൾ തടയുന്നതിന്റെ ഭാഗമായി, രാജ്യത്തെ മറ്റ് റെയിൽവേ സോണുകളിലേക്കും ഈ നിയമം വൈകാതെ വ്യാപിപ്പിക്കുമെന്നാണ് സൂചന. മറ്റ് റെയിൽവേ സോണുകൾക്കും മെട്രോ സർവീസുകൾക്കും ഇത്തരം നിയമവ്യവസ്ഥകൾ പ്രയോജനപ്പെടുത്താമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ നിയമപ്രകാരം മെട്രോ റെയിലുകളിലും ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്. അത്തരം സാഹചര്യങ്ങളിൽ കുറ്റക്കാരായവരെ കോച്ചുകളിൽ നിന്ന് പുറത്താക്കാനും വ്യവസ്ഥയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

