തുലാമാസ പുലരിയിൽ അയ്യപ്പദർശനത്തിനായി സന്നിധാനത്ത് അഭൂതപൂർവ്വമായ തിരവാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറുന്നതിനായുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടിരിക്കുകയാണ്.
പടികയറാനും ദർശനം നടത്തുവാനും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നവരാത്രി അവധിക്കാലവും തുലാമാസ പൂജകളും ഒരേസമയം വന്നതാണ് മണ്ഡല-മകരവിളക്ക് കാലഘട്ടത്തിന് സമാനമായ രീതിയിൽ വൻതോതിൽ തീർഥാടകർ എത്താൻ കാരണമായത്.
വൈകുന്നേരം വരെ മാത്രം 65,000 പേരാണ് സന്നിധാനത്ത് ദർശനം പൂർത്തിയാക്കിയത്. സന്ധ്യ കഴിഞ്ഞും ഭക്തരുടെ വലിയ ഒഴുക്കാണ് സന്നിധാനത്തേക്ക് ഉള്ളത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ തന്നെ തീർഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇന്നത്തെ ദിവസത്തെ ദർശനത്തിനായി വെർച്വൽ ക്യു ബുക്കിംഗ് ഇതിനോടകം തന്നെ 50,000 കടന്നിട്ടുണ്ട്.
ഇതിനുപുറമേ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ചോറൂണ് ചടങ്ങുകൾക്കായി തിരുമുറ്റത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ തുടങ്ങിയ വിശേഷാൽ ചടങ്ങുകളും നടന്നു. കളഭാഭിഷേകത്തിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യകാർമികത്വം വഹിച്ചു.
പടിപൂജ തൊഴുന്നതിനും നിരവധി ഭക്തരാണ് എത്തിയത്. അതേസമയം, ഇലവുങ്കലിനും നിലയ്ക്കലിനും ഇടയിലും, ചാലക്കയം– പമ്പ റോഡ് നിർമ്മാണ ജോലികൾ കാരണം രൂപപ്പെട്ട
ഗതാഗതക്കുരുക്കും തീർഥാടകരെ ഏറെ ബുദ്ധിമുട്ടിച്ചു. വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കി നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകൾ വേണ്ടിവന്നു.
ഇത് കാരണം നിലയ്ക്കൽ മുതൽ ഇലവുങ്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
യാത്രാക്ലേശം രൂക്ഷമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കെഎസ്ആർടിസി സമീപത്തെ ഡിപ്പോകളിൽ നിന്ന് 40 അടിയന്തര ബസുകൾ കൂടി പമ്പയിലേക്ക് എത്തിച്ചു. ഇതോടെ പമ്പ– നിലയ്ക്കൽ ചെയിൻ സർവീസുകൾക്കായി ആകെ 104 ബസുകൾ ലഭിച്ചെങ്കിലും, അപ്രതീക്ഷിതമായി കൂടിയ തിരക്കും ഗതാഗതക്കുരുക്കും കാരണം ഇതും തികയാത്ത സാഹചര്യമാണ് ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

