എറണാകുളത്തെ ചരിത്രപ്രസിദ്ധമായ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്.
അറസ്റ്റിലായ എബിൻ പോൾ ഒഴിഞ്ഞുകിടന്ന വീടിനും തീയിട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വാളകം അമ്പലപ്പടിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് ഇയാൾ തീവെപ്പ് നടത്തിയത്.
ജനുവരി മാസത്തിലും മാർച്ച് മാസത്തിലുമായി രണ്ടു തവണയാണ് ഈ വീടിന് തീയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ‘ബോസ്’ എന്ന അജ്ഞാതന്റെ ടെലിഗ്രാം അല്ലെങ്കിൽ വാട്സാപ്പ് ചാറ്റിലേക്ക് അയച്ചുകൊടുത്തതായും, ഇതിനുള്ള പ്രതിഫലം പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇതിനുപുറമെ മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമും ഇയാൾ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ഓരോ കൃത്യം കഴിയുമ്പോഴും പ്രതിഫലം വർദ്ധിപ്പിച്ച് നൽകി എബിനെ വലിയ ആക്രമണങ്ങൾക്ക് സജ്ജമാക്കുകയായിരുന്നു ‘ബോസ്’ എന്ന് പൊലീസ് കസ്റ്റഡി ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്.
കേസിൽ കേന്ദ്ര ഏജൻസികൾ ഉടൻ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പ്രതിയുടെ ഫോണിലെ മുഴുവൻ വിവരങ്ങളും ലഭിക്കുന്ന മുറയ്ക്ക് കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയേക്കും.
ഈ സാഹചര്യം മുൻനിർത്തി പൊലീസ് ഇനി പ്രതിയെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങില്ല. ഇന്ന് പ്രതിയുടെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലർച്ചെയാണ് എബിൻ പോൾ എറണാകുളം മാർക്കറ്റിലുള്ള കദംഭാഗം സിനഗോഗിന് മുൻപിൽ തീയിട്ടത്. തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ള ഗൗരവകരമായ സംശയങ്ങൾ ഉയർന്നു വന്നത്.
‘ബോസ്’ എന്ന അജ്ഞാത ചാറ്റിന്റെ കർശന നിർദ്ദേശപ്രകാരമാണ് ഇയാൾ കൃത്യങ്ങൾ നടത്തിയതും, ദൃശ്യങ്ങൾ അയച്ചുകൊടുത്ത ശേഷം പണം കൈപ്പറ്റിയതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ഇന്റലിജൻസ് ബ്യൂറോയും (ഐ.ബി.) വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
പിന്നിൽ പ്രവർത്തിച്ച ‘ബോസ്’ ആരാണെന്ന് കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ മുമ്പ് തീവെപ്പ് നടത്തിയതും എബിൻ പോൾ തന്നെയാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 105 ഗ്രാം രാസലഹരിയും കണ്ടെത്തിയിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം വൈകിട്ട് സിനഗോഗിന് മുന്നിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
തുടർന്ന് തൃപ്പൂണിത്തുറയിലും മുമ്പ് തീവെപ്പ് നടന്ന മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

