സ്കൂൾ കന്റീനുകളിലും പരിസരത്തെ കടകളിലും വിദ്യാർഥികളുടെ ആരോഗ്യത്തിനു ഹാനികരമായ ‘ജങ്ക് ഫൂഡ്’ വിൽക്കുന്നുവെന്ന പരാതികൾ വ്യാപകം. പക്ഷേ, ജങ്ക് ഫുഡ് എന്നാൽ എന്താണെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കൃത്യമായി നിർവചിച്ചിട്ടില്ല.
ഏതൊക്കെ ആഹാരസാധനങ്ങൾ ഇൗ ഇനത്തിൽ വരുമെന്ന പട്ടികയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കയ്യിലില്ലെന്നു വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 3 വർഷത്തിനിടെ 6900ൽ ഏറെ പരിശോധനകൾ സ്കൂൾ കന്റീനുകളിലും സ്കൂൾ പരിസരത്തെ കടകളിലും നടത്തിയെന്നും 1349 ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് വിശദീകരിക്കുന്നു.
നിർവചനം തയാറാക്കി ആഹാരസാധനങ്ങളുടെ പട്ടിക പുറത്തുവിടുന്നതിനുള്ള ആലോചനകൾ നടക്കുന്നതായി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർഥികൾ പതിവായി ഭക്ഷണം കഴിച്ചിരുന്ന സ്കൂൾ പരിസരത്തെ 909 സ്ഥാപനങ്ങൾ തികച്ചും വൃത്തിഹീനമാണെന്ന് കണ്ടെത്തിയ വകുപ്പ് നോട്ടിസും നൽകിയിരുന്നു.
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാക്കറ്റ് ജൂസുകൾ, കോളകൾ, മിഠായികൾ, കേക്കുകൾ എന്നിവയാണു പിടിച്ചെടുത്തവയിൽ കൂടുതലും. മധുരത്തിന്റെ അംശം എത്രയെന്നു ലേബൽ പോലും ഇല്ലാത്ത കോളകളും ജൂസുകളുമാണു സ്കൂൾ പരിസരത്തു വിൽപനയ്ക്കു വയ്ക്കുന്നതെന്നും വകുപ്പ് സമ്മതിക്കുന്നു.
ചില മിഠായികൾ കഴിച്ചു വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയുണ്ടായെന്നും പറയുന്നു. ദിവസങ്ങളോളം ഉപയോഗിച്ച എണ്ണയിലാണു സ്കൂൾ കന്റീനിൽ സ്നാക്സ് പൊരിച്ചെടുത്തതെന്നു കണ്ടെത്തിയും നടപടിയെടുത്തിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ സ്കൂളിന്റെ 50 മീറ്റർ ചുറ്റളവിലും ക്യാംപസുകളിലും കന്റീനുകളിലും ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ആഹാരപദാർഥങ്ങളുടെ വിൽപന, സൗജന്യ വിതരണം, പരസ്യം, പ്രചാരണം എന്നിവ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യം കേരളത്തിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

