വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബോളിവുഡ് നടൻ ടൈഗർ ഷ്റോഫ് സുരക്ഷിതനായി തുടരുന്നു.
സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ താരത്തിന്റെ വസതിയിലെത്തി നേരിൽ കണ്ടു സംസാരിച്ചു. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സന്ദർശനം.
ഉപമുഖ്യമന്ത്രി സന്ദർശനം നടത്തിയ വേളയിലെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. താരത്തിന്റെ വലത് കൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലും വലത് തോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും ഡ്രസ്സിങ് ചെയ്തതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്.
മുംബൈയിൽ യാതൊരുവിധ ഗുണ്ടായിസവും ഭീഷണികളും വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും ഏക്നാഥ് ഷിൻഡെ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിന് ശേഷം ടൈഗർ ഷ്റോഫും അമ്മ ആയിഷ ഷ്റോഫും വലിയ ഞെട്ടലിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു വലിയ സംഭവമാണ്. അഞ്ച് റൗണ്ട് വെടിയാണ് അവർ ഉതിർത്തത്.
ഭാഗ്യവശാൽ അദ്ദേഹം സുരക്ഷിതനാണ്. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.
ഈ സംഭവം അപലപനീയമാണ്. താൻ അദ്ദേഹത്തെ നേരിൽ കണ്ടു.
വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് അദ്ദേഹത്തിന്റെ ഇടത് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണെന്നും ഷിൻഡെ പറഞ്ഞു.
മുംബൈയിൽ 1990കളിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവായിരുന്നുവെന്നും എന്നാൽ മുംബൈ പൊലീസ് അത് നിയന്ത്രണവിധേയമാക്കിയെന്നും ഷിൻഡെ ഓർമ്മിപ്പിച്ചു. ഇത്തരം സംഭവങ്ങൾ തടയാനും ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാനും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പ് ഉണ്ടായത്. മുംബൈയിലെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ അജ്ഞാത സംഘം താരത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) മോഹിത് ഗാർഗ് അറിയിച്ചു. സംഭവത്തിൽ നടന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
ഡ്രൈവർക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. എന്നാൽ നടന് വെടിയേറ്റിട്ടില്ല.
ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വെടിവെപ്പ് നടന്നത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ഗുണ്ടാ തലവൻ അനിൽ പണ്ഡിറ്റ് ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില ചോദ്യംചെയ്ത് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

