സംസ്ഥാനത്ത് തുലാവർഷം എത്തിയതിന്റെ ഭാഗമായി ഈ ആഴ്ച ഉടനീളം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ തെക്കൻ കേരളത്തിൽ മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ നാളെ രാവിലെ 08.30 വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും വ്യാപകമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

