കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും തുടരുന്നു.
ബോർഡ് പുനഃസംഘടനയിൽ മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി സമസ്ത എപി വിഭാഗം രംഗത്തെത്തി. ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയത് പോലെയാണ് പുനഃസംഘടനാ തീരുമാനമെന്ന് മുൻ ചെയർമാൻ കെ എസ് ഹംസ കുറ്റപ്പെടുത്തി.
വഖഫ് ബോർഡ് പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിക്കാത്തതിലാണ് സമസ്ത എപി വിഭാഗത്തിന്റെ പ്രതിഷേധം. ‘വഖഫ് ബോർഡ് പുനസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ നീതിപൂർവ്വം പരിഗണിക്കുന്നതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നാണ് പ്രധാന വിമർശനം. ഇതിനെതിരെ പരസ്യപ്രതിഷേധത്തിലേക്ക് കടക്കാനാണ് സമസ്ത എപി വിഭാഗത്തിന്റെ തീരുമാനം.
അതേസമയം, പുതിയ ബോർഡിനെതിരെ മുൻ വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയും രംഗത്തെത്തി. സർക്കാർ എല്ലാ മര്യാദകളുടെയും സീമകൾ ലംഘിച്ചു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോടതി അവധിക്ക് പോകുന്ന ദിവസം സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നതിൽ വിവിധ കോണുകളിൽ നിന്ന് ഇതിനോടകം തന്നെ ശക്തമായ അതൃപ്തി ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ രംഗത്തു വന്നു.
മുസ്ലിം സംഘടനകൾക്കെല്ലാം ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ പരിഗണന ലഭിക്കാത്തവരെ വരും ദിവസങ്ങളിൽ ഹജ്ജ് കമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

