ഗുജറാത്തിലെ അഹമ്മദാബാദിൽ തക്കാളി ഉപയോഗിക്കാതെ വ്യാജ ടൊമാറ്റോ കെച്ചപ്പും സോസും നിർമിച്ചിരുന്ന ഫാക്ടറി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അടച്ചുപൂട്ടിച്ചു. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട
മെൽദി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ആയി ശ്രീ ഖോഡിയാർ ഗൃഹ് ഉദ്യോഗ്’ എന്ന സ്ഥാപനത്തിലാണ് മിന്നൽ പരിശോധന നടന്നത്. തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും വിവിധ എസ്സൻസുകളും ഉപയോഗിച്ചാണ് സോസുകളും കെച്ചപ്പുകളും നിർമിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി.
ഇതിന് പിന്നാലെയാണ് അധികൃതർ ഫാക്ടറി സീൽ ചെയ്തത്. തക്കാളി സോസ്, കെച്ചപ്പ്, ചട്ണി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ നിർമിച്ചിരുന്നതെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷാ ഓഫീസറായ മഹേന്ദ്ര പട്ടേൽ വ്യക്തമാക്കി.
“എന്നാൽ, തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും ഇതിന്റെ പൊടിയുമാണ് ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം വെള്ളം കൃത്രിമ നിറങ്ങളും എസ്സൻസുകളും ഉപയോഗിച്ച് നിർമിച്ച ഉത്പന്നങ്ങളാണ് തക്കാളി സോസ് എന്ന പേരിൽ വിപണിയിൽ എത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.” വലിയ പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന കിലോക്കണക്കിന് വ്യാജ ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
ആകെ 5000 കിലോ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം അസംസ്കൃത വസ്തുക്കളുമാണ് ഇവിടെനിന്ന് കണ്ടെടുത്തത്. തുടർനടപടികളുടെ ഭാഗമായി ലാബ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
പരിശോധനാ ഫലം ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ദിവസം മുൻപ് ബെഹ്റാംപുരയിലെ മറ്റൊരു ഫാക്ടറിയിലും ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു.
ഇവിടെനിന്ന് ഏകദേശം 2000 കിലോയോളം വരുന്ന വ്യാജ തക്കാളി സോസും മറ്റ് ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

