ദസറ അവധി ആസ്വദിക്കാന് നാട്ടിലേക്ക് തിരിച്ച നൂറുകണക്കിന് യാത്രക്കാരാണ് ബെംഗളൂരു നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കുടുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് നഗരത്തിൽ രൂപപ്പെട്ട
അതിരൂക്ഷമായ തിരക്കു കാരണം പുറത്തുകടക്കാൻ മാത്രം അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് വാഹനയാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നത്. ഇതിനുപുറമേ പെയ്ത ശക്തമായ മഴയും യാത്രാദുരിതം ഇരട്ടിയാക്കി.
അർധരാത്രി കഴിഞ്ഞിട്ടും കാറുകളിലും ബസുകളിലും മറ്റും ആളുകൾ കുടുങ്ങിക്കിടന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അശാന്ത് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ യാത്രാദുരിതത്തിന്റെ ആഴം വ്യക്തമാക്കിയിട്ടുണ്ട്.
വൈകീട്ട് 7.05-ന് ബെല്ലന്ദൂരിൽനിന്ന് യാത്ര ആരംഭിച്ചെങ്കിലും രാത്രി 12.15 ആയിട്ടും അത്തിബെല്ലെയിൽ മാത്രമാണ് എത്താനായതെന്ന് അദ്ദേഹം കുറിച്ചു. ബെംഗളൂരു അതിർത്തി കടക്കാൻ മാത്രം അഞ്ചു മണിക്കൂറിലധികം സമയം വേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
മൈസൂരു, തുമക്കൂരു, വിമാനത്താവള റോഡുകളിലും ആറ് മണിക്കൂറോളം വാഹനങ്ങൾ സ്തംഭനാവസ്ഥയിലായതായി മറ്റൊരു സാമൂഹിക മാധ്യമ ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. പുലർച്ചെ മൂന്നും നാലും മണിവരെയുള്ള സമയങ്ങളിൽ യാത്രാമധ്യേ കുടുങ്ങിയവരുണ്ട്.
മജസ്റ്റിക്കിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരം പിന്നിടാൻ പോലും ഒരു മണിക്കൂറിലധികം എടുത്തതായി റെഡ്ഡിറ്റിലെ ഒരു ഉപയോക്താവും പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു – മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് നവരംഗ് തിയറ്റർ മുതൽ ഗൊരഗുണ്ടെപാളയ വരെ എത്തിച്ചേരാൻ മൂന്നര മണിക്കൂറിലേറെ സമയം വേണ്ടിവന്നതായി ബസ് കണ്ടക്ടർ സാക്ഷ്യപ്പെടുത്തുന്നു.
സാധാരണ വാരാന്ത്യങ്ങളിൽ യെശ്വന്ത്പുർ – ഗൊരഗുണ്ടെപാളയ പാതയിലൂടെ 800 മുതൽ 900 വരെ ബസുകൾ കടന്നുപോകുമ്പോൾ, ഉത്സവകാലങ്ങളിലും ദീർഘവാരാന്ത്യങ്ങളിലും ഈ കണക്ക് 2,500 കവിയാറുണ്ടെന്ന് ട്രാഫിക് ഉദ്യോഗസ്ഥർ അറിയിക്കുന്നു. നഗരത്തിൽ വാഹനങ്ങളുടെ എണ്ണം വർഷംതോറും പെരുകുമ്പോഴും അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾ തയ്യാറാകാത്തതാണ് ഇത്തരം ആഘോഷവേളകളിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നത്.
ഒടുവിൽ പുലർച്ചെ 2.30-ഓടെയാണ് നഗരത്തിലെ ഗതാഗതം പൂർണമായും സാധാരണ നിലയിലേക്ക് തിരികെവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

