അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴികളുടെയും അന്തരീക്ഷത്തിലെ ന്യൂനമർദ സമാനമായ കാലാവസ്ഥാ മാറ്റങ്ങളുടെയും ഫലമായി കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധയിടങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും ഒറ്റപ്പെട്ട
ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും സമീപം രൂപംകൊണ്ട ചക്രവാതച്ചുഴി വടക്കൻ ലക്ഷദ്വീപ് മേഖലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5.8 കിലോമീറ്റർ വരെ ഉയരത്തിലാണ് ഇതിന്റെ സ്വാധീനം നിലനിൽക്കുന്നത്. മോശം കാലാവസ്ഥയും കടലിലെ ശക്തമായ കാറ്റും കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടാതെ കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം.
മഴ കനക്കുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

