തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗത്തിന്റെ സമസ്ത മുഖപത്രം രംഗത്ത്. പുനഃസംഘടന സംബന്ധിച്ച ഉത്തരവ് സുന്നി വിഭാഗത്തെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നാണ് മുഖപത്രത്തിന്റെ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നത്.
വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നതാണെന്ന് ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു. പുതിയ ബോർഡിന്റെ ഘടന പരിശോധിച്ചാൽ സർക്കാരിന്റെ കപടമുഖം ഏതൊരാൾക്കും വ്യക്തമാകും.
ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും ബോർഡിൽ അംഗത്വം നൽകിയിട്ടുണ്ട്. തീവ്ര താൽപര്യമുള്ള വ്യക്തികളുടെ കൈകളിൽ വഖഫ് സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും എഡിറ്റോറിയലിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്.
നിയമപരമായ മാർഗങ്ങളിലൂടെയും ജനകീയ സമരങ്ങളിലൂടെയും ഈ അനീതിക്കെതിരെ സുന്നികൾ ശക്തമായി പോരാടുമെന്നും, വഖഫ് ബോർഡ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ളതല്ലെന്നും ലേഖനം വ്യക്തമാക്കുന്നു. അതേസമയം, വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ചെയർമാൻ കെ എസ് ഹംസ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നലെ തള്ളിക്കളഞ്ഞു.
ബോർഡിലേക്ക് അംഗങ്ങളെ നിയോഗിക്കാനും അവരെ പിരിച്ചുവിടാനുമുള്ള അധികാരം സർക്കാരിൽക്ഷിക്ഷിതമാണെന്നാണ് ഹർജി പരിഗണിച്ച കോടതിയുടെ നിരീക്ഷണം. തുടർന്ന് കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റുകയും ചെയ്തു.
ഡിവിഷൻ ബെഞ്ചിന്റെ അന്തിമ ഉത്തരവിന് വിധേയമായി മാത്രമായിരിക്കും സർക്കാർ തീരുമാനങ്ങൾ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബോർഡ് പുനഃസംഘടിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നില്ലെന്നായിരുന്നു കെ എസ് ഹംസയുടെ പ്രധാന വാദം.
ബോർഡിലെ ഒഴിവുകൾ നികത്താനും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനും മാത്രമായിരുന്നു കോടതിയുടെ മുൻ നിർദ്ദേശമെന്നും, എന്നാൽ ഇതിന്റെ മറവിൽ സർക്കാർ വഖഫ് ബോർഡ് പൂർണ്ണമായി പുനഃസംഘടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, കഴിഞ്ഞ സർക്കാർ നിയമിച്ച വഖഫ് ബോർഡിൽ ബോറ വിഭാഗത്തിന് യാതൊരുവിധ പ്രാതിനിധ്യവും ലഭിച്ചിരുന്നില്ലെന്നും, അവരെക്കൂടി പരിഗണിച്ചാണ് ഇപ്പോൾ പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
പ്രത്യേക സിറ്റിംഗ് നടത്തിയാണ് ബഹു. കോടതി ഈ ഹർജി പരിഗണിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

