ശബരിമല തീർഥാടകർക്കായി മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾ രണ്ടുമാസം മുൻപ് തന്നെ ആരംഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ സൗകര്യങ്ങൾ തീർഥാടകർക്കായി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ, റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ആധുനിക രീതിയിലുള്ള ശുചിമുറികളും സ്റ്റേഷനിൽ സജ്ജീകരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ പ്രത്യേക നിർദേശപ്രകാരമാണ് അദ്ദേഹം കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചത്.
കോട്ടയത്തിന് പുറമെ ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിലും സന്ദർശനം നടത്തുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, റബർ ബോർഡ് ചെയർമാൻ എൻ.ഹരി, മധ്യമേഖലാ ഉപാധ്യക്ഷൻ ടി.എൻ.ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.രതീഷ്, ലാൽ കൃഷ്ണ, കോട്ടയം മണ്ഡലം പ്രസിഡന്റ് വി.പി.മുകേഷ് എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

