അരൂർ ∙ കൈതപ്പുഴക്കായലിലെ ശക്തമായ ഒഴുക്കും പായൽക്കെട്ടും തീർത്ത ദുരിതത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് 75കാരൻ. കനത്ത ഇരുട്ടിലും തണുപ്പിലും ഏഴു മണിക്കൂറോളം കണ്ടൽച്ചില്ലകളിൽ മുറുകെപ്പിടിച്ചു നിന്നാണ് അരൂക്കുറ്റി വടക്കേ പീടികപറമ്പിൽ രാജപ്പൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ വെട്ടുകടവ് ഭാഗത്തെ ഊന്നിപ്പാട്ടിൽ വല അഴിക്കാൻ പോയതായിരുന്നു രാജപ്പൻ. രാത്രി വൈകിയിട്ടും അദ്ദേഹം തിരിച്ചെത്താതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്വേഷണം ആരംഭിച്ചു.
വിവരമറിഞ്ഞ് അരൂക്കുറ്റി പൊലീസും അരൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി. എന്നാൽ കിലോമീറ്ററുകളോളം നീളത്തിൽ പായൽ തിങ്ങിനിന്നതും ശക്തമായ വേലിയിറക്കവും കാരണം രക്ഷാസേനയ്ക്ക് വള്ളങ്ങളുമായി കായലിലേക്ക് ഇറങ്ങാൻ സാധിച്ചില്ല.
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടും രാജപ്പനെയോ വള്ളത്തെയോ കണ്ടെത്താനാകാതെ വന്നതോടെ നാടും രക്ഷാസേനകളും ആശങ്കയിലായി. തുടർന്ന് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ പല സംഘങ്ങളായി തിരിഞ്ഞ് കായലിൽ തിരച്ചിൽ ഊർജിതമാക്കി.
ഇതിനിടയിൽ, ശക്തമായ ഒഴുക്കിൽപ്പെട്ട് വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രാജപ്പൻ കുണ്ടേക്കടവ് ഭാഗത്തെ കണ്ടൽക്കാടുകളിൽ എത്തിച്ചേരുകയായിരുന്നു.
മണിക്കൂറുകളോളം തണുപ്പിനോടും ഇരുട്ടിനോടും പൊരുതി കണ്ടൽച്ചില്ലകളിൽ മുറുകെപ്പിടിച്ചുനിന്ന അദ്ദേഹം, പുലർച്ചെ മൂന്നു മണിയോടെ സാവധാനം തുഴഞ്ഞു കായലോരത്തുള്ള വീടിനരികിലെത്തി. “ചെറുപ്പംതൊട്ടറിയുന്ന കൈതപ്പുഴക്കായൽ തന്നെ ചതിക്കില്ലെന്ന വിശ്വാസമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്” എന്ന് രാജപ്പൻ പറയുന്നു.
സംഭവത്തെത്തുടർന്ന് ഭാര്യ കുഞ്ഞുമണിയും മക്കളും വലിയ ആശ്വാസത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

