പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കഡസ്ട്രൽ മാപ്പിലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താലിൽ ഇടുക്കി ജില്ലയിൽ ജനജീവിതം സ്തംഭിച്ചു.
പ്രധാന ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ലെങ്കിലും കെഎസ്ആർടിസി സർവീസുകൾ നടത്തിയതു യാത്രക്കാർക്ക് വലിയ ആശ്വാസമായി.
വിവിധയിടങ്ങളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെ കുറച്ചുനേരം തടഞ്ഞിട്ട ശേഷമാണ് പ്രവർത്തകർ കടത്തിവിട്ടത്.
കുമളിയിൽ ഹർത്താലനുകൂലികൾ കാറിന്റെ ചില്ല് അടിച്ചുതകർത്തു. ഹർത്താലിനോടനുബന്ധിച്ചു ടൗണുകളിലുടനീളം ശക്തമായ പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.
രാവിലെ വിവിധയിടങ്ങളിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തി. സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും ഹാജർനില വളരെ കുറവായിരുന്നു.
ഹോട്ടലുകൾ അടഞ്ഞുകിടന്നതു യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ വലച്ചു. ജില്ലാ ആസ്ഥാനമായ ചെറുതോണി മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു.
രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് അത്യാവശ്യ സർവീസുകൾ ഒഴികെയുള്ളവ തടഞ്ഞു. കടകമ്പോളങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു.
ഹർത്താലാണെന്ന് അറിയാതെ മൂന്നാർ സന്ദർശനത്തിനെത്തിയ അയൽ സംസ്ഥാനക്കാരായ സഞ്ചാരികൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഏറെ വലഞ്ഞു. നഗരത്തിലെ ഹോട്ടലുകളും തട്ടുകടകളും അടഞ്ഞു കിടന്നത് വിനോദസഞ്ചാരികളെ ദുരിതത്തിലാക്കി.
രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, ചിന്നക്കനാൽ, സേനാപതി, ബൈസൺവാലി മേഖലകളിൽ ഹർത്താൽ ഭാഗികമായിരുന്നു. ചുരുക്കം സ്വകാര്യ വാഹനങ്ങളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും മാത്രമാണ് ഈ പ്രദേശങ്ങളിൽ നിരത്തിലിറങ്ങിയത്.
കട്ടപ്പനയിലും സമീപ പഞ്ചായത്തുകളിലും ഹർത്താൽ ഭാഗികമായിരുന്നെങ്കിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിൽ നിന്ന് 15 സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.
സിപിഎം നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് നഗരസഭാ കാര്യാലയവും മൃഗാശുപത്രിയും ചില ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തകർ അടപ്പിച്ചു.
അതേസമയം, ഹർത്താൽ ദിനത്തിൽ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിച്ചുനൽകി സെന്റ് ഫിലോമിനാസ് എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് മാതൃകയായി. ഹർത്താൽ കാരണം ഹോട്ടലുകൾ ഉൾപ്പെടെ അടഞ്ഞുകിടക്കുന്നതിനാൽ രോഗികൾ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യം മനസ്സിലാക്കിയാണ് ഇവർ സഹായമെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

