കൊച്ചിയിൽ ആഡംബര വാഹനം സ്കൂട്ടറിലിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ സംബന്ധിച്ച കോടതി വിധി നാളേക്ക് മാറ്റി.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, മദ്യപാനിയായ ഡ്രൈവർക്ക് വാഹനം കൈമാറാൻ കൂട്ടുനിന്ന കുറ്റത്തിന് അറസ്റ്റിലായ മറ്റ് പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യഹർജികളിലാണ് വിധി വരുന്നത്.
അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് മദ്യം വിളമ്പിയതുമായി ബന്ധപ്പെട്ട് ബാറുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസിൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച മറുപടി പരിശോധിച്ച് ഏഴ് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കാൻ എക്സൈസ് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
സ്കൂട്ടറിൽ മൂന്നുപേർ സഞ്ചരിച്ചുവെന്നത് നിയമലംഘനമാണെന്നും അത് അപകടത്തിന് കാരണമായെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ “മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റില്ലല്ലോ” എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
സാക്ഷി മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസിൽ തങ്ങൾക്കെതിരെ വലിയ തോതിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതികൾക്കായി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇതൊരു സാധാരണ അപകടമല്ലെന്നും പ്രതികൾ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രോസിക്യൂഷനും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി ഹാജരായ അഭിഭാഷകരും ശക്തമായി വാദിച്ചു. ഒന്നാം പ്രതി അനുവദനീയമായ അളവിന്റെ 5.3 ഇരട്ടി മദ്യം കഴിച്ചിരുന്നുവെന്ന് പരിശോധനാഫലങ്ങളിൽ വ്യക്തമാണ്.
ബാറുകളിൽ നിന്ന് ഇവർ മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമായിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.
തുടർന്ന് വാവാദങ്ങൾ പൂർത്തിയായതിനെത്തുടർന്ന് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഈ മാസം 11-ാം തീയതി പുലർച്ചെ 1.45-നാണ് കൊടും ക്രൂരത അരങ്ങേറിയത്.
വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ അതിവേഗത്തിലെത്തിയ ആഡംബര കാർ ഇടിച്ചുകയറുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
അപകടത്തിനുശേഷം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച ഒന്നാം പ്രതി സുഹൈൽ അമിതമായി മദ്യം കഴിച്ചിരുന്നതായി പിന്നീട് നടന്ന പരിശോധനകളിൽ തെളിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രായപരിധി എത്താത്തെവർക്ക് മദ്യം നൽകിയ പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു.
ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് ബാർ ഉടമകൾ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. തുടർന്ന്, നോട്ടിസ് നൽകിയ വിഷയത്തിൽ ഏഴ് ദിവസത്തിനകം ഉചിതമായ തീരുമാനം കൈക്കൊള്ളാൻ എക്സൈസ് കമ്മിഷണർക്ക് കോടതി ഉത്തരവ് നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

