സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകിയ കിഫ്ബിയെ (KIIFB) തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര അജണ്ടയ്ക്ക് സംസ്ഥാന സർക്കാർ കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കിഫ്ബിക്കെതിരെ സമർപ്പിക്കപ്പെട്ട
സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉന്നയിച്ച ആവർത്തിച്ചുറപ്പിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ തനിയാവർത്തനം മാത്രമാണ് നിയമസഭയിൽ അവതരിപ്പിച്ച ഈ അന്വേഷണ റിപ്പോർട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാടുകൾ കൊണ്ടുമാത്രം യാഥാർത്ഥ്യമാകുമായിരുന്ന വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിൽ സാധ്യമാക്കുകയാണ് എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ ചെയ്തത്. ഈ പദ്ധതിയുടെ വൻവിജയത്തിൽ വിറളിപൂണ്ടാണ് ഇതിനെതിരെ എതിർപ്പുകൾ ഉയരുന്നതെന്നും, കിഫ്ബിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് വരുംതലമുറകളോട് ചെയ്യുന്ന മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്കൂളുകൾ, ആശുപത്രികൾ, പാലങ്ങൾ തുടങ്ങി ഏകദേശം 40,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതിനകം പൂർത്തീകരിച്ചിട്ടുള്ളത്. ഭാവി വരുമാനത്തിന്റെ സുരക്ഷിതത്വത്തിൽ ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്.
ബജറ്റിന് പുറമെ സമാഹരിച്ച ഈ ഫണ്ടാണ് കേരളത്തിന്റെ മുഖച്ഛായ മാറ്റിയെഴുതിയത്. എന്നാൽ, സാമൂഹ്യ മേഖലകളിലെ നിക്ഷേപങ്ങൾ ലാഭകരമല്ലെന്ന നവലിബറൽ സാമ്പത്തിക നിലപാടാണ് സുധാ പിള്ള കമ്മിറ്റിയും സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി, ഗിഫ്റ്റ് സിറ്റി, കൊച്ചി വാട്ടർ മെട്രോ, ട്രാൻസ് ഗ്രിഡ്, കെ-ഫോൺ, ലൈഫ് സയൻസ് പാർക്ക്, ചൂരൽമല-മുണ്ടക്കൈ പുനരധിവാസം തുടങ്ങി നിരവധി പ്രധാന പദ്ധതികളുടെ നട്ടെല്ല് കിഫ്ബിയാണ്. ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ നൽകേണ്ട
വിഹിതമായ 6,000 കോടി രൂപ കണ്ടെത്തിയതും കിഫ്ബി വഴിയാണ്. ഈ യാഥാർത്ഥ്യങ്ങളെല്ലാം ബോധപൂർവ്വം മറച്ചുവെച്ചാണ് ഇപ്പോൾ വിമർശനങ്ങൾ ഉന്നയിക്കുന്നത്.
കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ പൊതുകടപരിധിയിൽ ഉൾപ്പെടുമോ എന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ കേന്ദ്ര താല്പര്യങ്ങൾക്ക് വഴിപ്പെടുന്നത്. ഇത് പൊതുസേവനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും, കിഫ്ബി ഇല്ലാതായാൽ പകരമായി എന്ത് ബദലാണ് സർക്കാരിന്റെ കൈവശമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന ഈ രാഷ്ട്രീയ തീരുമാനത്തിനെതിരെ ജനങ്ങൾ ഒത്തൊരുമിച്ച് പ്രതിരോധം തീർക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

