ഇന്ത്യയിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപനയ്ക്ക് (ഐപിഒ) നവിമുംബൈയിലെ ജിയോ ആസ്ഥാനം വേദിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ജിയോ മാനേജിങ് ഡയറക്ടർ ആകാശ് അംബാനി, ഡയറക്ടറും സഹോദരിയുമായ ഇഷ അംബാനി എന്നിവർ ചേർന്നാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്.
വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും നിത അംബാനിയും വേദിയിൽ നിന്ന് മാറിനിന്നുകൊണ്ട് പുതിയ തലമുറയ്ക്ക് മുൻഗണന നൽകിയ ഈ ചടങ്ങ് റിലയൻസ് കുടുംബത്തിലെ നേതൃമാറ്റത്തിന്റെയും പുതുതലമുറ ആധിപത്യത്തിന്റെയും കൂടി പ്രഖ്യാപനമായി മാറി. ഗുജറാത്തിലെ ജാംനഗറിലുള്ള അംബാനി കുടുംബത്തിന്റെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കുതിരകളെ എത്തിച്ചാണ് ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചത്.
രണ്ടു പതിറ്റാണ്ടിനിടെ റിലയൻസ് ഗ്രൂപ്പിൽ നിന്ന് പുറത്തുവരുന്ന ആദ്യത്തെ ഐപിഒ ആണിത്. വരുന്ന 28ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.
ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനികളുടെ നിരയിലേക്ക് ജിയോ ഉയരും. കമ്പനിയുടെ വിപണിമൂല്യം 10.3 ലക്ഷം കോടി രൂപയായി മാറും.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ നിലവിലെ വിപണി മൂല്യം 16.55 ലക്ഷം കോടി രൂപയാണ്. ഈ മാസം 21 മുതൽ 23 വരെയാണ് ഐപിഒ സബ്സ്ക്രിപ്ഷൻ നടക്കുക.
ആകെ 30,188 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 1065 രൂപ മുതൽ 1119 രൂപ വരെയാണ് പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിട്ടുള്ളത്.
വളർച്ചാവേഗമേറും, അറ്റാദായം കൂടും ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ നിന്ന് 27,500 കോടി രൂപ കടം തിരിച്ചടവിന് വിനിയോഗിക്കുന്നതു വഴി റിലയൻസ് ജിയോ ഇൻഫോകോമിന്റെ ബാലൻസ് ഷീറ്റിൽ വലിയ മാറ്റങ്ങളാകും ഉണ്ടാകുക. കമ്പനിയുടെ ഭാവി വികസന പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാനും സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കാനും ഈ നടപടി സഹായകരമാകും.
ഇത്രയും വലിയ തുക കടം വീട്ടാൻ ഉപയോഗിക്കുമെന്ന് സെബിക്കു സമർപ്പിച്ച കരടുരേഖയിലാണ് വ്യക്തമാക്കിയിട്ടുള്ളത്. പ്രധാന നേട്ടങ്ങൾ ഇന്ത്യയിലെ മുൻനിര കോർപറേറ്റ് വായ്പകളുടെ ശരാശരി പലിശനിരക്ക് 7.5 മുതൽ 8.5 ശതമാനം വരെയാണ്.
ഈ പലിശനിരക്ക് കണക്കിലെടുത്താൽ പ്രതിവർഷം 2330 കോടിയോളം രൂപ പലിശയിനത്തിൽമാത്രം കമ്പനിക്ക് ലാഭിക്കാൻ സാധിക്കും. പ്രവർത്തനച്ചെലവിലുണ്ടാകുന്ന ഈ കുറവ് കമ്പനിയുടെ അറ്റാദായവും പ്രതിഓഹരി വരുമാനവും ഗണ്യമായി വർധിപ്പിക്കും.
കടം ഗണ്യമായി കുറയുന്നതിനോടൊപ്പം ഐപിഒ വഴി പുതിയ മൂലധനം കൂടി കമ്പനിയിലേക്ക് എത്തുമ്പോൾ ഡെറ്റ് –ഇക്വിറ്റി അനുപാതം കൂടുതൽ സുരക്ഷിതമായി മാറും. ഇത് കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തുന്നതിനും ഭാവിയിൽ കുറഞ്ഞ പലിശനിരക്കിൽ ധനസമാഹരണം എളുപ്പമാക്കുന്നതിനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

