സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. കൽപറ്റ ഉൾപ്പെടെയുള്ള വിപണികളിൽ ഒരാഴ്ചയ്ക്കിടെ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില ഇരട്ടിയിലധികമാണ് വർധിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും മൂലം കാർഷിക ഉൽപാദനത്തിലുണ്ടായ കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധന, പാചകവാതക വിലവർധന സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രയാസത്തിലാക്കുന്നതിനിടയിലാണ് അവശ്യസാധനങ്ങളുടെ ഈ കുതിച്ചുചാട്ടം.
വിപണിയിലെ നിലവിലെ വിലവർധന കുടുംബങ്ങളുടെ പ്രതിമാസ ചെലവുകൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. അരി വിലയിൽ വൻ വർധന പൊന്നി അരിയുടെ വില കിലോഗ്രാമിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്.
60 രൂപയിൽ നിന്നിരുന്ന പൊന്നി അരി ഇപ്പോൾ 70 രൂപയിലാണ് എത്തിനിൽക്കുന്നത്. ഇതിനുപുറമെ ആന്ധ്ര ജയ, കുറുവ അരികളുടെ വിലയും ഉയർന്നു.
മുൻപ് 46 രൂപയ്ക്ക് വിറ്റിരുന്ന ജയ അരിയ്ക്കും കുറുവയ്ക്കും ഇപ്പോൾ 48 രൂപയാണ് വില. പ്രമുഖ ബിരിയാണി അരി ഇനങ്ങളായ കൈമ, കോല എന്നിവയ്ക്കും വില വർധിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ കടുത്ത വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും കൃഷിനാശത്തിന് ഇടയാക്കിയതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് മുഖ്യ കാരണം. കൃത്യമായ വിപണി ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
പലവ്യഞ്ജന വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. 280 രൂപയുണ്ടായിരുന്ന വറ്റൽ മുളകിന്റെ വില ഇപ്പോൾ 300 രൂപയായി ഉയർന്നു.
പരിപ്പിന്റെ വില 120 രൂപയിൽ നിന്നും 145 രൂപയായാണ് കൂടിയത്. കിലോഗ്രാമിന് 45 രൂപയായിരുന്ന പഞ്ചസാര വില ഇപ്പോൾ 65 രൂപ കടന്നിരിക്കുകയാണ്.
78 രൂപയുണ്ടായിരുന്ന കടലയുടെ വില 92 രൂപയായും, പൊട്ടുകടലയുടെ വില കിലോഗ്രാമിന് 90 രൂപയിൽ നിന്നും 113 രൂപയായും വർധിച്ചു. കുതിച്ചുയർന്ന് പച്ചക്കറി വില പച്ചക്കറി വിപണിയിൽ ചെറിയ ഉള്ളി, ബീൻസ്, പാവയ്ക്ക, വെളുത്തുള്ളി എന്നിവയ്ക്കാണ് വലിയ തോതിലുള്ള വിലക്കയറ്റം അനുഭവപ്പെടുന്നത്.
ഒരാഴ്ച മുൻപ് വരെ കിലോഗ്രാമിന് 50 രൂപയ്ക്ക് കിട്ടിയിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോൾ 135 രൂപയാണ് വിപണി വില. 100 രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുള്ളി വില കുത്തനെ ഉയർന്ന് 220 രൂപയിലെത്തി.
ബീൻസിന്റെ വില 60 രൂപയിൽ നിന്ന് 100 രൂപയായി വർധിച്ചു. ചെറുനാരങ്ങയ്ക്ക് നിലവിൽ 150 രൂപയാണ് വില ഈടാക്കുന്നത്.
എന്നാൽ തക്കാളിയുടെയും സവാളയുടെയും വിലയിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. വ്യാപാരികളും ആശങ്കയിൽ സാധനങ്ങളുടെ വില ഉയർന്നതിനൊപ്പം കച്ചവടം കുറഞ്ഞതിന്റെ ആശങ്കയിലാണ് വ്യാപാരികൾ ഉള്ളത്.
ഉയർന്ന വില കാരണം സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ വിമുഖത കാട്ടുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ, അവശ്യസാധനങ്ങളുടെ വില പിടിച്ചുനിർത്താൻ അധികൃതരുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ശക്തമായ ആക്ഷേപവും ഉയരുന്നുണ്ട്.
ഓണത്തിന് മുൻപ് വിപണിയിൽ സജീവമായി ഇടപെട്ടിരുന്ന ഭക്ഷ്യവകുപ്പ്, നിലവിലുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് വ്യാപാരികളുടെ പ്രധാന പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

