തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയോരത്തെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്ത്. ഇരിട്ടി കുന്നോത്ത് ഹൈസ്കൂളിനു സമീപം മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള രണ്ട് സെന്റ് ഭൂമിയാണ് റവന്യു വകുപ്പിന്റെ സഹായത്തോടെ ബുധനാഴ്ച തിരിച്ചുപിടിച്ചത്.
രണ്ട് കെട്ടിടങ്ങളുടെ ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൂർണ്ണമായി പൊളിച്ചുനീക്കിയാണ് സ്ഥലം ഏറ്റെടുത്തത്. മൂര്യൻ ബാലൻ, ഇലവുങ്കൽ ജോസഫ് എന്നിവരുടെ കൈവശത്തിലുണ്ടായിരുന്ന ഭൂമിയാണ് ഇത്തരത്തിൽ ഒഴിപ്പിച്ചത്.
ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച് സ്ഥലം ഒഴിഞ്ഞുപോകാൻ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നെങ്കിലും കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ട് നടപടിയിലേക്ക് കടന്നത്. കണ്ണൂർ മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഒഴിപ്പിക്കൽ നടപടികൾക്ക് ചുക്കാൻ പിടിച്ചത്.
സ്ഥലം ഒഴിപ്പിക്കരുതെന്നും തങ്ങൾ നികുതി അടയ്ക്കുന്ന ഭൂമിയാണിതെന്നും ചൂണ്ടിക്കാട്ടി മൂര്യൻ ബാലനും ഇലവുങ്കൽ ജോസഫിന്റെ സഹോദരിമാരും ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചെങ്കിലും, ആവശ്യമായ സമയം നേരത്തെ തന്നെ അനുവദിച്ചിരുന്നതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തലശ്ശേരി – വളവുപാറ പാതയിലെ മുഴുവൻ കയ്യേറ്റങ്ങളും കണ്ടെത്തി കർശനമായി ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാരിന്റെ അധീനതയിലുള്ള ഭൂമി സ്വകാര്യ വ്യക്തികൾക്കായി അന്യാധീനപ്പെടാൻ അനുവദിക്കില്ല. മരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡുകളിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയിൽ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അതത് സെക്ഷൻ അധികൃതർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് കണ്ണൂർ മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ടി.പ്രശാന്ത് വ്യക്തമാക്കി.
കുന്നോത്ത് സ്വദേശിയായ മൂര്യൻ ബാലൻ കഴിഞ്ഞ വർഷം ജൂലൈ 23ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാടിയാണ് ഒടുവിൽ ഈ ഔദ്യോഗിക പരിശോധനയിലേക്കും തുടർനടടികളിലേക്കും നയിച്ചത്. തന്റെ കൈവശമുള്ള ഭൂമി പുറംപോക്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അടിസ്ഥാന രേഖകൾ പരിശോധിച്ചു നൽകണമെന്നും ഒഴിപ്പിക്കൽ നടപടികളിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
തുടർന്ന് മരാമത്ത്, റവന്യു വകുപ്പുകൾ സംയുക്തമായി നടത്തിയ വിശദമായ പരിശോധനയിലാണ് പ്രധാന പാതയിൽനിന്ന് ഉപറോഡിലേക്ക് നീളുന്ന രീതിയിൽ ബാലനും ഇലവുങ്കൽ ജോസഫും കൈവശം വെച്ചിരുന്ന രണ്ട് സെന്റോളം ഭൂമി യഥാർത്ഥത്തിൽ മരാമത്ത് വകുപ്പിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് വകുപ്പ് തല നടപടികൾ വേഗത്തിലാക്കിയത്.
മൂര്യൻ ബാലൻ ഹോട്ടൽ നടത്തിവന്നിരുന്നതും ഇലവുങ്കൽ ജോസഫ് വീടായി ഉപയോഗിച്ചുവന്നിരുന്നതുമായ കെട്ടിടങ്ങളാണ് ഇവിടെ പൊളിച്ചുനീക്കിയത്. മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ടി.വി.രേഷ്മ, ഓവർസീയർമാരായ എം.ടി.പ്രിൻസി, എം.ഡി.ബിജു എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി.
തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയിൽ കേരളത്തിന്റെ പരിധിയിൽ വരുന്ന തലശ്ശേരി മുതൽ വളവുപാറ വരെയുള്ള 54 കിലോമീറ്റർ ദൂരത്തിൽ മരാമത്ത് വകുപ്പിന്റെ ഭൂമി വ്യാപകമായി കയ്യേറിയിട്ടുണ്ടെന്ന് വ്യാപകമായ പരാതികൾ നിലവിലുണ്ട്. ലോക ബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി റോഡ് പുനർനിർമിച്ചപ്പോൾ പഴയ റോഡിന്റെ ഭാഗമായിരുന്ന ഭൂമി ഉൾപ്പെടെയുള്ളവ സ്വകാര്യ വ്യക്തികളുടെ കൈവശത്തിലേക്ക് മാറിയെന്നാണ് പ്രധാന ആരോപണം.
വരും ദിവസങ്ങളിൽ ഇവയെല്ലാം കൃത്യമായി പരിശോധിച്ച് തിരിച്ചുപിടിക്കാനാണ് മരാമത്ത് വകുപ്പിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

