ഒഡിഷയുടെ പുതിയ ഗവർണറായി നിയമിതനായ ബ്രജ് മോഹൻ റാം നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഗവർണർ പദവി ഏറ്റെടുക്കുന്നതിന് മുന്നേ നൽകിയ അഭിമുഖത്തിൽ, ബിജെപിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ് കനത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്രജ് മോഹൻ റാമിനെ ഒഡിഷ ഗവർണറായി ഔദ്യോഗികമായി നിയമിച്ചത്. തുടർന്ന് റാഞ്ചിയിൽ വെച്ച് പിടിഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദപരമായ പ്രസ്താവനയുണ്ടായത്.
ബിജെപിയുടെ എസ്.സി. മോർച്ചയെ കൂടുതൽ സജീവമാക്കാനും പാർട്ടിക്ക് കൂടുതൽ വോട്ടുകൾ നേടാനുള്ള പ്രവർത്തനങ്ങളും നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഒഡിഷയിൽ ഇപ്പോൾ ബിജെപിയാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. ഝാർഖണ്ഡിൽ നിന്നുള്ള മുൻ ബിജെപി എംപിയും ദളിത് വിഭാഗം നേതാവുമായ അദ്ദേഹത്തിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ബിജെഡിയും കോൺഗ്രസും ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
ഭരണഘടനാ പദവിലിരിക്കുന്ന ഒരാളിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പ്രതികരണമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ഗവർണറുടെ പ്രസ്താവന തികച്ചും ഞെട്ടുന്നതാണെന്നാണ് ബിജെഡിയുടെ ഔദ്യോഗിക പ്രതികരണം.
ഭരണഘടനാപരമായ പദവികൾ രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്ന അടിസ്ഥാന തത്വത്തെയാണ് ഈ പ്രസ്താവന ലംഘിക്കുന്നതെന്ന് ബിജെഡി വിമർശിച്ചു. ബിജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ നവീൻ പട്നായിക്ക് ഗവർണറുടെ പ്രസ്താവനയിലെ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചു.
രാഷ്ട്രപതി ഭവനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്റെ എതിർപ്പ് രേഖപ്പെടുത്തിയത്. ഇതിനുപുറമെ, വിവാദ പരാമർശം നടത്തിയ ഗവർണറെ കേന്ദ്ര സർക്കാർ ഉടനടി തിരിച്ചുവിളിക്കണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

